കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഈഡന് ഗാര്‍ഡന്‍സില്‍ കേരളം എക്കാലവും ഓര്‍മിക്കത്തക്ക വിജയം സ്വന്തമാക്കി. ആതിഥേയരായ ബംഗാളിനെ എറിഞ്ഞൊതുക്കിയാണ് കേരളം രഞ്ജി ട്രോഫിയില്‍ അഭിമാന വിജയം സ്വന്തമാക്കിയത്.
ഇന്ത്യയിലെ ഏറ്റവും വലുതും വലിപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുമാണ് ഈഡൻ ഗാർഡൻ. ഇന്ത്യന്‍ താരം മുഹമ്മദ് ഷമി, മുന്‍ ഇന്ത്യന്‍ താരങ്ങളായ മനോജ് തിവാരി, അശോക് ദിന്‍ഡ തുടങ്ങിയവര്‍ അണിനിരന്ന ബംഗാളിനെ, അവരുടെ തട്ടകത്തില്‍ ഒന്‍പതു വിക്കറ്റിനാണ് കേരളം തകര്‍ത്തത്.
രണ്ടാം ഇന്നിംഗ്സില്‍ ബംഗാളിനെ 184 റണ്‍സിന് ഓള്‍ഔട്ടാക്കിയ കേരളം, 41 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ മൂന്നു കളികളില്‍നിന്ന് 13 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കേരളം മുന്നിലെത്തി.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ജലജ് സക്സേന (143) രണ്ടാം ഇന്നിംഗ്സില്‍ 21 പന്തില്‍ 26 റണ്‍സെടുത്തു വിജയം വേഗത്തിലാക്കി. വിജയത്തിനരികെ സക്സേനയെ മുകേഷ്കുമാര്‍ പുറത്താക്കിയെങ്കിലും അരുണ്‍ കാര്‍ത്തിക് (16), രോഹന് പ്രേം (2) എന്നിവര്‍ ചേര്‍ന്നു കേരളത്തെ വിജയതീരത്തെത്തിച്ചു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച സന്ദീപ് വാര്യരുടെ പ്രകടനവും കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. ജലജ് സക്സേനയാണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍: ബംഗാള്‍ – 147, 184. കേരളം – 291, 44/1
ബംഗാളിനു വിജയസാധ്യത പ്രവചിച്ചിരുന്നിടത്താണു തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് കേരളം ഒരു ദിവസം ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കിയത്. ഡേവ് വാട്മോര്‍ പരിശീലകനായി എത്തിയശേഷം കേരളം മികവിലെത്തിക്കൊണ്ടിരിക്കുകയാണ്. കേരളം ഈ സീസണില്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
തുമ്പയില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ആന്ധ്രപ്രദേശിനെയും ഒന്‍പതു വിക്കറ്റിനു തോല്‍പ്പിച്ച കേരളം ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും മത്സരം സമനിലയാകുകയായിരുന്നു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് ഈ മാസം 28 മുതല്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.
സന്ദീപ് വീഴ്ത്തി തുടങ്ങി
കേരളത്തിന്റെ 144 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിനെതിരേ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ബംഗാള്‍, രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 21.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരാണ് ബംഗാളിനെ തകര്‍ത്തത്. ബേസില്‍ തമ്പി മൂന്നു വിക്കറ്റ് വീഴ്ത്തി.
62 റണ്‍സെടുത്ത ക്യാപ്റ്റന്‍ മനോജ് തിവാരിയാണ് ബംഗാളിന്റെ ടോപ് സ്കോറര്‍. 75 പന്തില്‍ 12 ബൗണ്ടറി സഹിതം 62 റണ്‍സെടുത്താണ് തിവാരി പുറത്തായത്. രണ്ടാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടു തീര്‍ത്ത തിവാരി–സുദീപ് ചാറ്റര്‍ജി സഖ്യമാണ് ബംഗാളിനെ ഭേദപ്പെട്ട നിലയിലേക്കു നയിച്ചത്.
ആറാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ച അനുസ്തൂപ് മജുംദാര്‍-വിവേക് സിംഗ് സഖ്യമാണ് ബംഗാളിനെ ചെറിയൊരു ലീഡിലെത്തിച്ചത്. ബംഗാള്‍ മുന്‍നിരയിലെ നാലു പേരെയും സന്ദീപാണ് പുറത്താക്കിയത്.സുദീപ് ചാറ്റര്‍ജി (39), വിവേക് സിംഗ് (25), അനുസ്തൂപ് മജുംദാര്‍ (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ഷമി “നിയന്ത്രണം’ ലംഘിച്ചു
കോല്‍ക്കത്ത: ഒരു ഇന്നിംഗ്സില്‍ പരമാവധി 15 ഓവര്‍ മാത്രമേ ബോള്‍ ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ ഇന്ത്യന്‍ ടീമംഗം മുഹമ്മദ് ഷമിയെ കളിക്കാന്‍ ബിസിസിഐ അനുവദിച്ചത്. എന്നാല്‍ ബംഗാളിനായി ഷമി ഒരു ഇന്നിംഗ്സില്‍ എറിഞ്ഞത് 26 ഓവര്‍.
ഒരു സ്പെല്ലില് മൂന്ന് ഓവറുകള്‍ വീതം 15 ഓവര്‍ മാത്രമേ ബോള്‍ ചെയ്യാവൂ എന്നായിരുന്നു കേരളത്തിനെതിരായ രഞ്ജി മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ഷമിക്കു ബിസിസിഐ നല്കിയ നിര്‍ദേശം. എന്നാല്‍, അഞ്ച് ഓവര്‍ വരെ ഒരു സ്പെല്ലില് ബോള്‍ ചെയ്ത ഷമി, മല്‍സരത്തിലാകെ 29 ഓവര്‍ ബോള്‍ ചെയ്തു.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ, കായികക്ഷമത നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരമാവധി 15 ഓവറുകള്‍ മാത്രമേ ഒരു ഇന്നിംഗസില്‍ എറിയാവൂ എന്ന് ബിസിസിഐ ഷമിക്കു മുന്നില്‍ നിര്‍ദ്ദേശം വച്ചത്. ഈ നിയന്ത്രണം അംഗീകരിച്ച ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.