അദീപ് ബേബി
കൃഷ്ണഗിരി(വയനാട്): രഞ്ജിയിൽ ചരിത്രത്തിലാദ്യമായി സെമി പ്രവേശം കുറിച്ച കേരളം കഴിഞ്ഞ സീസണിലെ കണക്ക് തീർക്കാനൊരുങ്ങിയാണ് വിദർഭക്കെതിരെ നാളെ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ വിദർഭയോടേറ്റ പരാജയത്തിന് മറുപടി നൽകുകയെന്നതിനപ്പുറം സ്വപ്ന ഫൈനൽ പ്രവേശത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അതിനായുള്ള കഠിന പരിശ്രമത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡേവ് വാട് മോറും സംഘവും. കൃഷ്ണഗിരിയിൽ തിങ്കൾ, ചൊവ്വ ദിവസം വൈകുന്നേരങ്ങളിൽ കേരളം പരിശീലനം നടത്തിയിരുന്നു.
ഇന്നലെ വയനാട്ടിലെത്തിയ വിദർഭ ടീം ഇന്ന് പരിശീലനത്തിനെത്തുമെന്നാണ് കരുതുന്നത്. നിലവിലെ ചാന്പ്യൻമാർ കൂടിയായ വിദർഭയെ കീഴടക്കാൻ കേരളത്തിന് നന്നെ വിയർപ്പൊഴുക്കേണ്ടിവരും. അതുകൊണ്ട് തന്നെ പോരാട്ടവും കടുകട്ടിയാകുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. മികച്ച ഫോമിലാണ് വിദർഭയുടെ മുൻനിര ബാറ്റ്സ്മാൻമാർ. ബൗളർമാരും ഒട്ടും പിറകിലല്ല.
ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെ ഇന്നിംഗ്സിനും 115 റണ്‍സിനും തകർത്തെറിഞ്ഞ ഉജ്വല ഫോമിലാണ് വിദർഭ വയനാടൻ ചുരം കയറുന്നത്. വസിം ജാഫർ നയിക്കുന്ന വിദർഭ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുന്നതിനൊപ്പം ഇന്ത്യൻ താരം ഉമേഷ് യാഥവ് നയിക്കുന്ന ബൗളിംഗ് നിരയേയും നേരിടാനായാലേ കേരളത്തിന് സ്വപ്ന ഫൈനൽ പ്രവേശം സാധ്യമാകൂ. ഉത്തരാഖണ്ഡിനെതിരെ 206 റണ്‍ നേടി ബാറ്റിംഗ് നിരയിൽ മികച്ച ഫോമിലാണ് വസിം ജാഫറും എസ്.ആർ. രാമസ്വാമിയും എ.എ. സർവേതും.
ഉമേഷ് യാഥവ് ഒന്‍പതും ആദിത്യ സർവേതും ആറും വിക്കറ്റുകൾ വീഴ്ത്തി തീ പാറും പ്രകടനമാണ് ക്വാർട്ടറിൽ പുറത്തെടുത്തത്. ബൗളർമാർക്ക് അനുകൂലമായ കൃഷ്ണഗിരിയിലെ പിച്ചിൽ കേരളത്തിന്റെ പ്രതീക്ഷയും ബൗളർമാരിലാണ്. ക്വാർട്ടറിൽ ഗുജറാത്തിന്റെ എട്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ സന്ദീപ് വാര്യറും ബേസിൽ തന്പിയുമാണ് ബൗളിംഗ് നിരയിൽ കേരളത്തിന്റെ കുന്തമുന. ബാറ്റ്സ്മാൻമാരും കേരള വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
നാലാം ക്വാർട്ടറിൽ ഏക അർധ സെഞ്ച്വറി നേടിയ സിജോമോൻ ജോസഫ്, ജലജ് സക്സേന, ബേസിൽ തന്പി എന്നിവരാണ് പ്രമുഖർ. ബാറ്റിംഗ് നിരയിലെ നിർണായക സ്ഥാനം അലങ്കരിക്കുന്ന സഞ്ജു സാംസണ് പരിക്കിനെത്തുടർന്ന് സെമിഫൈനൽ കളിക്കുന്നില്ല. ഇത് കേരളത്തിന് തിരിച്ചടിയാകും. ചരിത്ര സെമിയിൽ ടീം വർക്കിന്റെ പിൻബലത്തിൽ വിജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് കേരളം.
മത്സരത്തിനായുള്ള പിച്ചിന്റെ അവസാന മിനുക്കുപണികളും പൂർത്തിയായിട്ടുണ്ട്. നാളെ മുതൽ കൃഷ്ണഗിരിയിലെ പുൽത്തകിടിയിൽ തീപാറുന്ന പോരാട്ടത്തനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികളും വയനാട്ടുകാരും.