തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു സീസണിലെ മൂന്നാം വിജയം. തുന്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജമ്മു കാഷ്മീരിനെ 158 റണ്‍സിനു തകർത്താണ് കേരളം വിജയം കണ്ടത്.
വിജയലക്ഷ്യമായ 238 റണ്‍സ് പിന്തുടർന്ന സന്ദർശകർ വെറും 79 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴു വിക്കറ്റ് നഷ്ടത്തിൽ 56 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച കാഷ്മീരിന് 23 റണ്‍സ്കൂടി മാത്രമാണു ചേർക്കാൻ കഴിഞ്ഞത്. കേരളത്തിനായി അക്ഷയ് കെ.സി. അഞ്ചു വിക്കറ്റ് നേടി. ജയത്തോടെ കേരളം ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.
കേരളം രണ്ടാം ഇന്നിംഗ്സിൽ 191 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് കാഷ്മീരിനു മുന്നിൽ 238 റണ്‍സിന്റെ വിജയലക്ഷ്യമുയർന്നത്. 58 റണ്‍സ് നേടിയ രോഹൻ പ്രേം ആണ് രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ ടോപ് സ്കോറർ.
ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണ് രണ്ടാം ഇന്നിംഗ്സിൽ രണ്ടു റണ്‍സിനു പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ അഞ്ചു വിക്കറ്റുകൾ പിഴുത കാഷ്മീർ ക്യാപ്റ്റൻ പർവേസ് റസൂൽ ആണ് കേരളത്തെ 191 റണ്‍സിലൊതുക്കിയത്. ആദ്യ ഇന്നിംഗ്സിൽ പർവേസ് ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ സീസണിൽ മൂന്നു കളിയിൽ രണ്ടു വിജയവുമായി കേരളം ഇതിനകം 12 പോയിന്റ് നേടിയിരുന്നു.