രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ ഇത്തവണയും വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ മുൻ താരം എസ്. ശ്രീശാന്ത് ടീമിലുണ്ട്. സഞ്ജു സാംസണ്, പരിക്കേറ്റ റോബിൻ ഉത്തപ്പ എന്നിവർ ടീമിലില്ല.
ബംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ഫിറ്റ്നസ് ടെസ്റ്റിലായതിനാലാണ് സഞ്ജുവിനെ ഒഴിവാക്കുന്നതെന്നും അതു കഴിഞ്ഞാൽ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
ജൂണിയർ ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ സീനിയർ ടീമിൽ അരങ്ങേറുന്ന പതിനേഴുകാരനായ പേസർ ഏദൻ ആപ്പിൾ ടോം ആണ് ടീമിലെ പ്രായം കുറഞ്ഞ താരം. അണ്ടർ 19 ടീമിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റർ വരുണ്‍ നയനാർ, അണ്ടർ 25 ടീമിലെ ഓപ്പണിംഗ് ബാറ്റർ ആനന്ദ് കൃഷ്ണൻ എന്നിവരാണ് ടീമിലെ മറ്റ് പുതുമുഖങ്ങൾ.
രാജ്കോട്ടിൽ ഈ മാസം 17 മുതലാണ് കേരളത്തിന്റെ മത്സരങ്ങൾ. എലീറ്റ് ഗ്രൂപ്പ് എയിൽ ഗുജറാത്ത്, മധ്യപ്രദേശ്, മേഘാല എന്നീ ടീമുകളാണ് കേരളത്തിനൊപ്പമുള്ളത്. മേഘാലയയാണ് ആദ്യ എതിരാളികൾ. ഫെബ്രുവരി 24ന് ഗുജറാത്തിനെതിരേയും മാർച്ച് മൂന്നിന് മധ്യപ്രദേശിനെതിരേയും കളത്തിലിറങ്ങും.
ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മേൽ, വത്സൽ ഗോവിന്ദ്, പി. രാഹുൽ, സൽമാൻ നിസാർ, ജലജ് സക്സേന, സിജൊ മോൻ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുൻ, എൻ.പി. ബേസിൽ, എം.ഡി. നിധീഷ്, മനു കൃഷ്ണൻ, ബേസിൽ തന്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, വരുണ്‍ നയനാർ (വിക്കറ്റ് കീപ്പർ), വിനൂപ് മനോഹരൻ, ഏദൻ ആപ്പിൾ ടോം.
ശ്രീശാന്ത് വീണ്ടും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ
കൊച്ചി: ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് പിച്ചിലേക്കു 2013 നുശേഷം വീണ്ടും ശ്രീശാന്ത്. ഏഴുവര്‍ഷം നീണ്ട വിലക്കിനുശേഷം കഴിഞ്ഞ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിച്ചിരുന്നെങ്കിലും രഞ്ജിട്രോഫി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും പന്തെറിയാനുള്ള അവസരമൊരുങ്ങുന്നത്. 39-ാം വയസില്‍ ശ്രീശാന്തിനിത് രണ്ടാം അരങ്ങേറ്റം.