സഞ്ജു സാംസണ് നയിക്കുന്ന കേരളവും അജിങ്ക്യ രഹാനെയുടെ മുംബൈയും തമ്മിൽ കൊന്പുകോർക്കുന്നു. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു മുതൽ അരങ്ങേറുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിലാണ് സഞ്ജുവും രഹാനെയും നേർക്കുനേർ ഇറങ്ങുക.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ട്വന്റി-20 പരന്പരയ്ക്കുശേഷം തിരിച്ചെത്തുന്ന സഞ്ജു സാംസണ് കേരളത്തെ നയിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20യിൽ സഞ്ജുവിന് (0) ബാറ്റുകൊണ്ട് ശോഭിക്കാൻ സാധിച്ചില്ല.
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരന്പരയിൽ പ്ലെയർ ഓഫ് ദ സീരീസ് ആയ ശിവം ദുബെ മുംബൈക്കൊപ്പം ഇന്ന് ചിലപ്പോൾ കളിച്ചേക്കും.
രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ വൈസ് ക്യാപ്റ്റൻ. സച്ചിൻ സുരേഷ്, ബേസിൽ തന്പി, ജലജ് സക്സേന, രോഹൻ കുന്നുമ്മൽ, കൃഷ്ണ പ്രസാദ് തുടങ്ങിയവരാണ് കേരളത്തിന്റെ കരുത്ത്.
രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശ്, ആസാം എന്നീ ടീമുകൾക്കെതിരേ കേരളം സമനിലയിൽ പിരിഞ്ഞിരുന്നു. സീസണിലെ ആദ്യ ജയമാണ് കേരളത്തിന്റെ ലക്ഷ്യം. ഉത്തർപ്രദേശിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കേരളം ആസാമിനെ ഫോളോ ഓണ്‍ ചെയ്യിച്ചിരുന്നു.
അതേസമയം, കരുത്തരായ മുംബൈ ആദ്യമത്സരത്തിൽ ബിഹാറിനെ ഇന്നിംഗ്സിനും 51 റണ്‍സിനും ആന്ധ്രപ്രദേശിനെ 10 വിക്കറ്റിനും കീഴടക്കിയാണ് എത്തുന്നത്. തുടർച്ചയായ മൂന്നാം ജയമാണ് അജിങ്ക്യ രഹാനെയുടെ മുംബൈയുടെ ലക്ഷ്യം.