കോല്‍ക്കത്ത: വിദര്‍ഭ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ കര്‍ണാടകയെ അഞ്ച് റണ്‍സിന് മറികടന്നാണ് വിദര്‍ഭ കലാശക്കളിക്ക് യോഗ്യത നേടിയത്. ആദ്യ ഇന്നിംഗ്സില്‍ 114 റണ്‍സിന്റെ ലീഡ് നേടിയ ശേഷം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് മുന്‍ ചാന്പ്യന്മാരായ കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയായി.
ഡല്‍ഹിയാണ് ഫൈനലില്‍ വിദര്‍ഭയുടെ എതിരാളികള്‍. സ്കോര്‍: വിദര്‍ഭ ഒന്നാം ഇന്നിംഗ്സ് 185, രണ്ടാം ഇന്നിംഗ്സ് 313. കര്‍ണാടക ഒന്നാം ഇന്നിംഗ്സ് 301, രണ്ടാം ഇന്നിംഗ്സ് 192.
ഓരോ പന്തിലും ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 198 റണ്‍സായിരുന്നു കര്‍ണാടകയ്ക്ക് ഫൈനലില്‍ കടക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ദിനം അവര്‍ 192 റണ്‍സില്‍ പുറത്തായി. വാലറ്റത്ത് ക്യാപ്റ്റന്‍ വിനയ് കുമാര്‍ (36), അഭിമന്യു മിഥുന് (33), ശ്രേയസ് ഗോപാല്‍ (24 നോട്ടൗട്ട്) എന്നിവര്‍ നടത്തിയ പോരാട്ടം കര്‍ണാടകയെ വിജയത്തിന് തൊട്ടടുത്ത് എത്തിക്കുകയായിരുന്നു.
111/7 എന്ന നിലയിലാണ് കര്‍ണാടക അവസാന ദിനം ബാറ്റിംഗ് തുടങ്ങിയത്.മൂന്ന് വിക്കറ്റ് ശേഷിക്കേ അവസാന ദിനം 87 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് വീശിത്തുടങ്ങിയ കര്‍ണാടകയ്ക്ക് ജയം വളരെ അകലെയായിരുന്നു. എന്നാല്‍ വാലറ്റം പോരാട്ടവീര്യം കാണിച്ചതോടെ വിജയത്തിലേക്കുള്ള ദൂരം കുറഞ്ഞുവന്നു.
141-ല്‍ ക്യാപ്റ്റന്‍ വിനയ് കുമാര്‍ പുറത്തായെങ്കിലും ഒന്‍പതാം വിക്കറ്റില്‍ ശ്രേയസ് ഗോപാലും അഭിമന്യു മിഥുനും നേടിയ 48 റണ്‍സ് കര്‍ണാടകയ്ക്ക് വിജയപ്രതീക്ഷ നല്കി. 189-ല്‍ മിഥുന് വീണതോടെ അവസാന വിക്കറ്റില്‍ വിജയലക്ഷ്യം ഒന്‍പത് റണ്‍സായി. എന്നാല്‍ പതിനൊന്നാമനായി ക്രീസിലെത്തിയ ശ്രീനാഥ് അരവിന്ദിനെ (2) 192ല്‍ വീഴ്ത്തി കന്നി രഞ്ജി ഫൈനലിന് വിദര്‍ഭ യോഗ്യത നേടി.
ഏഴ് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ രജനീഷ് ഗുര്‍ബാനിയാണ് കര്‍ണാടകയുടെ വിജയം തട്ടിയകറ്റിയത്. കര്‍ണാടകയുടെ അവസാന ഏഴ് വിക്കറ്റുകളാണ് ഗുര്‍ബാനി വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പടെ 12 വിക്കറ്റ് കൊയ്ത ഗുര്‍ബാനിയാണ് മാന്‍ ഓഫ് ദ മാച്ച്.