രഞ്ജിയിൽ പുതുചരിത്രം; കേരളം സെമിയിൽ

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം പുതുചരിത്രം രചിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഗുജറാത്തിനെ തകർത്ത് കേരളം ആദ്യമായി സെമിഫൈനലിൽ കടന്നു. 195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് കൂടാരം കയറി.

കൃഷ്ണഗിരിയിലെ പേസ് പിച്ചിൽ തീതുപ്പുന്ന പന്തുകളുമായി ഗുജറാത്തിനെ വിറപ്പിച്ച പേസർമാരായ ബേസിൽ തന്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്‍റെ ചരിത്ര ജയത്തിന് ചുക്കാൻ പിടിച്ചത്. ബേസിൽ അഞ്ചും സന്ദീപ് നാലും വിക്കറ്റുകൾ പിഴുതു. മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തന്പി മാൻ ഓഫ് ദ മാച്ചായി.

കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ കടന്ന കേരളം വിദർഭയോട് തോറ്റ് പുറത്താവുകയായിരുന്നു. കേരളത്തെ വീഴ്ത്തിയ വിദർഭ സീസണിൽ രഞ്ജി ചാന്പ്യന്മാരാകുകയും ചെയ്തു.

എന്നാൽ ഈ സീസണിൽ ഒരുപടി കൂടി കടന്ന് ഇന്ത്യയിലെ മുൻനിര ടീമുകൾക്കൊപ്പം കേരളത്തിന്‍റെ പേരും എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ ചാന്പ്യ·ാരായ വിദർഭ തന്നെയായിരിക്കും സെമിയിൽ കേരളത്തിന്‍റെ എതിരാളികൾ. ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെതിരേ അവർ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശക്തമായ നിലയിലാണ്.

195 റണ്‍സ് ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഗുജറാത്തിന് ഒരുഘട്ടത്തിൽ പോലും വിജയപ്രതീക്ഷ നൽകാതെയാണ് കേരളം മത്സരം ജയിച്ചത്. നായകൻ പാർഥിവ് പട്ടേൽ, ഓപ്പണർ പ്രിയങ്ക് പാഞ്ചൽ, ഇന്ത്യൻ താരങ്ങളായ പീയുഷ് ചൗള, അക്ഷർ പട്ടേൽ തുടങ്ങിയ പ്രഗത്ഭരുടെ നിര അണിനിരന്ന ഗുജറാത്തിനെ വീഴ്ത്തിയത് സെമിയിൽ കേരളത്തിന് വലിയ ആത്മവിശ്വാസം നൽകും.

മൂന്നാമനായി ക്രീസിലെത്തിയ രാഹുൽ ഷാ മാത്രമാണ് കേരളത്തിന്‍റെ പേസർമാരോട് ചെറുത്ത് നിന്നത്. ഒരുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും തളരാതെ പോരാടിയ ഷാ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ഷായ്ക്ക് പുറമേ ധ്രുവ് റാവൽ (17) മാത്രമാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്നത്.

Related posts