നാഗ്പുർ: വിദർഭ തുടർച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. കഴിഞ്ഞ വർഷം ഡൽഹിയെ കീഴടക്കി കന്നിക്കിരീടം സ്വന്തമാക്കിയ വിദർഭ ഇത്തവണ സൗരാഷ്ട്രയെ തകർത്ത് ചാന്പ്യൻപട്ടം അരക്കിട്ടുറപ്പിച്ചു. ചേതേശ്വർ പൂജാരയുടെ വന്പുമായെത്തിയ സൗരാഷ്ട്രയെ 78 റണ്‍സിനാണ് വിദർഭ ഫൈനലിൽ കീഴടക്കിയത്.
രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാത് ആണ് മാൻ ഓഫ് ദ മാച്ച്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 58 റണ്‍സ് എന്ന നിലയിലായിരുന്നു സൗരാഷ്ട്ര അവസാന ദിനമായ ഇന്നലെ ക്രീസിലെത്തിയത്. സ്കോർ: വിദർഭ 312, 200. സൗരാഷ്ട്ര 307, 127.
കേരളത്തെ സെമിയിൽ ചുരുട്ടിക്കെട്ടിയാണു വിദർഭ ഫൈനലിൽ എത്തിയത്. വിദർഭയുടെ ബൗളിംഗ് ആക്രമണം നയിച്ചത് ഉമേഷ് യാദവും സൗരാഷ്ട്രയുടെ ബാറ്റിംഗ് കരുത്ത് പൂജാരയുമായിരുന്നു. പൂജാരയെ ആദ്യ ഇന്നിംഗ്സിൽ ഒരു റണ്ണിനും രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിനും സർവാത് പുറത്താക്കിയതോടെ അവരുടെ കരുത്ത് പകുതി ചോർന്നു.
ആദ്യ ഇന്നിംഗ്സിൽ പൊരുതിക്കയറി അഞ്ച് റണ്‍സ് മാത്രം ലീഡ് വഴങ്ങിയ സൗരാഷ്ട്രയെ അനങ്ങാൻ വിടാതെയായിരുന്നു രണ്ടാം ഇന്നിംഗ്സിൽ വിദർഭ പന്തെറിഞ്ഞത്. 206 റണ്‍സ് മാത്രം വിജയലക്ഷ്യം കുറിച്ച വിദർഭ അതു പ്രതിരോധിച്ചു. 127ന് സൗരാഷ്ട്രയെ പുറത്താക്കി. 52 റണ്‍സ് എടുത്ത വിശ്വരാജ് ജഡേജയാണ് സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ആദ്യ ഇന്നിംഗ്സിൽ 98 റണ്‍സിന് അഞ്ച് വിക്കറ്റ് പിഴുത സർവാത് രണ്ടാം ഇന്നിംഗ്സിൽ 59 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റ് പിഴുതു. വിദർഭയുടെ രണ്ടാം ഇന്നിംഗ്സിൽ 133 പന്തിൽനിന്ന് സർവാത് 49 റണ്‍സും നേടിയിരുന്നു. സീസണിൽ 354 റണ്‍സും 55 വിക്കറ്റും സർവാത് സ്വന്തമാക്കി.