ഏറ്റുമാനൂർ: നിർമാണഘട്ടത്തിൽത്തന്നെ വിവാദമായിരുന്ന നീലിമംഗലം പാലത്തിൽ ദിവസങ്ങൾക്കു മുന്‍പു രൂപപ്പെട്ട കുഴിയാണു ഇന്നലെ ഒരു യുവാവിന്റെ ജീവൻ അപഹരിച്ചത്.
കുറുപ്പന്തറ ഇലവത്തില്‍ പരേതനായ സെബാസ്റ്റ്യന്‍ തോമസിന്റെ മകന് രഞ്ജിന് സെബാസ്റ്റിയന് (ഉണ്ണി) ആണ് മരിച്ചത്.
മുട്ടുചിറയിലെ ഇറച്ചിക്കടയില്‍ നിന്ന് ദിവസവും പുലര്‍ച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളില്‍ ഇറച്ചി എത്തിച്ചു നല്‍കുന്നതിനായി രഞ്ജിന് ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം.
കോണ്‍ക്രീറ്റ് അടർന്ന് കുഴി രൂപപ്പെട്ട പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ അലംഭാവം കാട്ടിയ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന് അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
പാലത്തിന്റെ രണ്ട് സ്ലാബുകൾ ചേരുന്ന ഭാഗത്തെ ഇരുന്പ് പട്ട ഇളകി മാറുകയും കോണ്‍ക്രീറ്റ് അടർന്നു പോകുകയുമായിരുന്നു.
ഇളക്കം സംഭവിച്ച ഇരുന്പുപട്ടയിൽ വാഹനങ്ങൾ വേഗത്തിൽ കയറുന്നതോടെ പാലത്തിന്റെ കോണ്‍ക്രീറ്റ് അടർന്നു പോകും.
ഇത്തരത്തിൽ മാസങ്ങൾ കടന്നുപോയതോടെ ഈ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു. കോണ്‍ക്രീറ്റ് ഇളകി കന്പികൾ തെളിഞ്ഞുകാണാവുന്ന കുഴിയിൽ ഓട്ടോറിക്ഷയുടെയും ഇരുചക്രവാഹനങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവ് സംഭവമാണ്.
മാസങ്ങൾ പിന്നിട്ടിട്ടും പാലത്തിന്റെ തകരാർ പരിഹരിക്കാൻ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തയാറാകാത്തതിൽ വിമർശനം ഉയർന്നിരുന്നു.
തുടക്കത്തിലേ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ ഈ ദാരുണ മരണം ഒഴിവാക്കാമായിരുന്നു. നിർമാണഘട്ടത്തിൽ ഈ പാലം വിവാദത്തിലായിരുന്നു.
എംസി റോഡിന്റെ നവീകരണത്തോടനുബന്ധിച്ചാണ് നീലിമംഗലത്ത് പുതിയ പാലം നിർമിച്ചത്.
ഒന്നര മാസം മുമ്പായിരുന്നു രഞ്ജിന്റെ വിവാഹം. ഭാര്യയുടെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ഇന്നലെ രഞ്ജിന്റെ വീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിന് വരാനിരിക്കുകയായിരുന്നു.