കോട്ടയം: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല ചുമതലയേല്‍ക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടി രഞ്ജിനി രംഗത്ത്. ശശികല നടരാജനെ തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒരു ക്രിമിലനാണെന്നും രഞ്ജിനി പറയുന്നു.രഞ്ജിനിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ;
തമിഴ്‌നാടിന്‍റെ മക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. എങ്ങനെ ശശികല നടരാജനെ തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ പറ്റും. അമ്മയുടെ വേലക്കാരി എന്നതിനപ്പുറം മറ്റെന്ത് യോഗ്യതയാണ് അവര്‍ക്കുള്ളത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ വെറും മണ്ടന്മാരാണെന്നാണോ മണ്ണാര്‍ഗുഡി മാഫിയ ചിന്തിക്കുന്നത്. തമിഴ്മക്കള്‍ മന്ദബുദ്ധികളല്ല. അസാധാരണ വ്യക്തിപ്രഭാവമുള്ള എംജിആറാണ് എഐഎഡിഎംകെ സ്ഥാപിച്ചത്. പിന്നീട് എല്ലാവര്‍ക്കും പ്രിയപ്പെട്ട അമ്മ ചുമതലയേറ്റു, നീതിപൂര്‍വം മുന്നോട്ടു നയിച്ചു.
ശശികലയുടെ ഈ ഏകാധിപത്യത്തിനെതിരെ നിലകൊള്ളാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ മുന്നോട്ട് വരണം. ജല്ലിക്കെട്ടിന് വേണ്ടി സമരം ചെയ്തതിലൂടെ നമ്മുടെ ശക്തി എന്തെന്ന് ലോകം കണ്ടതാണ്. ഈ കൊള്ളരുതായ്മയ്‌ക്കെതിരെയും ആ ശക്തി ഉയര്‍ന്നുവരണം. എഐഡിഎംകെ എന്ന പാര്‍ട്ടി രൂപീകരിച്ചത് എംജിആര്‍ ആണ്. അദ്ദഹത്തിന്‍റെ മരണശേഷം അമ്മ അത് ഏറ്റെടുക്കുകയും നീതിപൂര്‍വം നയിക്കുകയും ചെയ്തു.
ശശികല എന്ന ക്രിമിനല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ആകുന്നത് തടയണം. പാര്‍ട്ടിയെ രക്ഷിക്കണം. നല്ല യോഗ്യതയും പരിചയസന്പത്തുമുള്ള ഒരു വ്യക്തിയ്ക്ക് മാത്രമേ ഇതിലെത്താന്‍ കഴിയൂ. ഒരു മുഖ്യമന്ത്രിയാകാന്‍ കുറച്ച് യോഗ്യതയെങ്കിലും വേണം. അമ്മയുടെ അവസാനനാളുകളില്‍ അവരെ എല്ലാവരില്‍ നിന്നും അകറ്റിനിര്‍ത്തിയത് ശശികലയാണ്. അതിനെക്കുറിച്ച് ജനങ്ങള്‍ ചിന്തിക്കുന്നുണ്ട്. തമിഴ്‌നാടിനെ ദൈവം രക്ഷിക്കട്ടെ. കുറെ ക്രിമിനലുകള്‍ ഉള്‍പ്പെട്ട ഈ സംഘത്തെ രാഷ്ട്രപതി പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’