കോതമംഗലം: മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട പാലമറ്റം നിവാസി മേലേമഠത്തിൽ രഞ്ജിനിക്ക് കോതമംഗലം ട്രാഫിക് പോലീസ് വീടു നിർമിച്ചു നൽകി. വീടിന്റെ താക്കോൽ ദാനം കോതമംഗലം പോലീസിലെ എസ്എച്ച്ഒ ബേസിൽ തോമസ് നിർവഹിച്ചു.
തലയിൽ ടൂമർ ബാധിച്ച് ചികിത്സയിലിരിക്കെ രോഗികളായ മാതാപിതാക്കളുടെ സംരക്ഷണവും ചുമലിലേറ്റിയ രഞ്ജിനിയുടെ ദുരവസ്ഥ ഓഗസ്റ്റ് 24നു രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പാലമറ്റം കോർട്ടിനു സമീപം പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന രഞ്ജിനിക്കും കുടുംബത്തിനും കോതമംഗലം ട്രാഫിക് പോലീസ് മുൻകൈയെടുത്തു സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുകയായിരുന്നു.
ട്രാഫിക് എസ്ഐ പി.എൻ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ജസിമോൾ ജോസ്, വാർഡംഗം ബിന്ദു മോഹൻദാസ്, എസ്ഐമാരായ ബിനുലാൽ, സക്കീർ, പോലീസ് അസോസിയേഷൻ ഭാരവാഹികളായ ഉബൈസ്, ഷാനവാസ്, റൈറ്റർ മുഹമ്മദ് റഷീദ്, ജോജി മുക്കാലിവീട്ടിൽ, ഷിബു കുര്യാക്കോസ്, ജോബി സെബാസ്റ്റ്യൻ, ഷിജ എന്നിവർ പ്രസംഗിച്ചു.