കെ.കെ. അർജുനൻ
കേരളം കണ്ട മഹാ പ്രളയത്തിൽ ജനം പകച്ചുനിന്നപ്പോൾ വെള്ളത്തിന്റെ ആഴമോ ഒഴുക്കോ നോക്കാതെ രക്ഷാപ്രവർത്തനത്തിന് എടുത്തുചാടിയ വനിതയാണ് രഞ്ജിനി. ആളുകളെ കരയ്ക്കെത്തിച്ച് പ്രളയദുരന്തമൊക്കെ കഴിഞ്ഞപ്പോൾ അനുമോദനവുമായി ആളുകളെത്തിയപ്പോഴാണ് മനസിലായത് പ്രളയത്തിലെ രക്ഷകയായ ആദ്യ വനിത താനാണെന്ന്.
വെള്ളം ഉയർന്ന് തൃശൂരിലെ ദയ ആശുപത്രിയും പെരിങ്ങാവും വിയ്യൂർ മേഖലയും ഒറ്റപ്പെട്ടപ്പോഴാണ് രോഗികളെയടക്കം രക്ഷപെടുത്താൻ ഒന്നും നോക്കാതെ രഞ്ജിനി എത്തിയത്. കേരള വിനോദ സഞ്ചാര വകുപ്പിന്റെ പൂമല ഡാമിലെ കെയർടേക്കറാണ് എളവള്ളി സ്വദേശിയായ കടവല്ലൂർ വീട്ടിൽ അനിലിന്റെ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമായ രഞ്ജിനി.
മറക്കാനാകുന്നില്ല
കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 മുതലുള്ള ദിവസങ്ങൾ ഇപ്പോഴും മനസിലൂടെ പായുകയാണ്. കനത്ത മഴയിൽ പൂമല ഡാമിനടുത്തുള്ള കുറാഞ്ചേരിയിൽ ഉരുൾപൊട്ടി വൻ ദുരന്തമുണ്ടായതിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നപ്പോഴാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നത്. പൂമല ഡാമിൽ വിനോദ സഞ്ചാരികൾക്ക് വേണ്ടിയുള്ള ചെറു ബോട്ടുകളുമായി ഉടൻ രക്ഷപ്രവർത്തനങ്ങൾക്കായി തൃശൂർ ദയാ ആശുപത്രിയിലെത്തുക. പിന്നെ ഒന്നും ആലോചിച്ചില്ല, ഉടൻ ധരിച്ച വേഷത്തിൽ തന്നെ ബോട്ടുജീവനക്കാരെ കൂട്ടി വാഹനത്തിൽ ബോട്ടുമായി ദയ ആശുപത്രിയിലേക്ക് എത്തി.
കടൽ പോലെ വെള്ളം നിറഞ്ഞു കിടക്കുന്നു. റോഡ് ഏതാണെന്നു പോലും അറിയില്ല. ബോട്ടുകൾ ഇവിടെ എത്തിക്കുക മാത്രമായിരുന്നു രഞ്ജിനിയുടെ ചുമതല. പക്ഷേ ആശുപത്രിയിലെ സ്ത്രീകളുടെ നിലവിളി കേട്ടപ്പോൾ രഞ്ജിനി പിന്നീടൊന്നും ആലോചിച്ചില്ല. ചിലർ നീന്തി വരുന്നു. ചിലരെ രക്ഷാ പ്രവർത്തകർ പിടിച്ചു കൊണ്ടുവരുന്നു. പുരുഷന്മാർക്ക് സ്ത്രീകളെ വേണ്ടവിധം സഹായിക്കാൻ കഴിയുന്നില്ലെന്ന് കണ്ടതോടെ രഞ്ജിനിയും വെള്ളത്തിലേക്ക് ചാടി.
സ്ത്രീകളുടെ കരച്ചിലിനിടെ ചിലർ നിസഹായാവസ്ഥ പറഞ്ഞതോടെയാണ് വെള്ളത്തിൽ മുങ്ങുന്നതും നനയുന്നതും ഒന്നും കണക്കാക്കാതെ സ്ത്രീകളുടെ രക്ഷയ്ക്കെത്താൻ തീരുമാനിച്ചത്. അവരിൽ പലരും മണിക്കൂറുകൾക്കു മുന്പ് പ്രസവം കഴിഞ്ഞവരും പൂർണ ഗർഭിണികളുമായിരുന്നു. സ്ത്രീകളെ ബോട്ടിൽ കയറ്റി പുരുഷന്മാരായ സഹായികളോടൊപ്പം പെരിങ്ങാവ് പാലത്തിനു മുകളിൽ എത്തിച്ചു.
യുവതിയുടെ നിർത്താത്ത കരച്ചിൽ
സ്ത്രീകളെ ബോട്ടിൽ രക്ഷപ്പെടുത്തി മുട്ടോളം വെള്ളമുള്ള റോഡിലേക്ക് ഇറക്കിയപ്പോഴാണ് ഒരു യുവതി നിർത്താതെ ഉച്ചത്തിൽ കരയുന്നതു കണ്ടത്. കാരണമന്വേഷിച്ചപ്പോഴാണ് മണിക്കൂറുകൾക്ക് മുന്പ് പ്രസവിച്ച യുവതിക്ക് വേദന സഹിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മനസിലായത്.
ബോട്ടിൽ നിന്ന് ഇറങ്ങാൻ പോലും ഇവർക്ക് സാധിക്കുന്നില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ വേറെ വാഹനവും കിട്ടാത്ത സാഹചര്യം. ഈ സമയത്താണ് മറ്റെരിടത്ത് നിന്നും രോഗിയെ കൊണ്ടുവരുന്ന ആംബുലൻസ് കണ്ടത്. ഉടൻ രഞ്ജിനി പാഞ്ഞു വരുന്ന ആംബുലൻസിന്റെ മുന്പിലേക്ക് ചാടി തടഞ്ഞു നിർത്തിച്ചു. യുവതിയുടെ അവസ്ഥ പറഞ്ഞ് മനസിലാക്കി ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേക്കു വിട്ടു. അപ്പോഴേക്കും രക്തം പോയി യുവതി അവശനിലയിലായിരുന്നു.
പോലീസുകാരിയായിരിക്കും
രക്ഷാപ്രവർത്തനത്തിനെത്തിയ രഞ്ജിനിയുടെ മനോധൈര്യവും സേവന സന്നദ്ധതയും കണ്ടപ്പോൾ പലരും ഇവർ വനിതാ പോലീസുകാരിയായിരിക്കുമെന്നാണ് കരുതിയിരുന്നത്. മറ്റാരും വനിതാ രക്ഷകരായി ഇല്ലാതിരിക്കുന്പോൾ പുരുഷന്മാരോടൊപ്പം സ്ത്രീകളുടെ രക്ഷകയായി ഇവർ എത്തിയത് സ്ത്രീകൾക്കും ഏറെ ആശ്വാസമായിരുന്നു. രക്ഷപ്പെട്ട് വെള്ളത്തിൽ നിന്നു കരകയറിയെത്തിയപ്പോൾ ഇവരിൽ പലരും അത് തുറന്നു പറയുകയും ചെയ്തു.
ഇതിനെല്ലാം പുറമെ സ്ത്രീകളുടെ സ്വകാര്യ ബുദ്ധിമുട്ടുകൾ തുറന്നു പറയാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സഹായമായി കരുതുന്നത്. ചില സ്ത്രീകൾ തങ്ങൾക്ക് ഭക്ഷണമൊന്നും വേണ്ട, നനഞ്ഞ വസ്ത്രങ്ങൾ മാറാൻ എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാമോ എന്ന് ധനികരായ പല സ്ത്രീകളും തന്നോട് ചോദിച്ചത് ഇന്നും മറക്കാൻ കഴിയുന്നില്ല. ഉടൻ തന്നെ കളക്ടറേറ്റിൽ ബന്ധപ്പെട്ട് ആവശ്യമുള്ള വസ്ത്രങ്ങൾ എത്തിക്കാൻ സാധിച്ചുവെന്നത് ഇപ്പോൾ ഓർക്കുന്പോൾ മനസിനെ തണുപ്പിക്കുകയാണെന്ന് രഞ്ജിനി പറഞ്ഞു
വീട്ടിലെത്തിയത് രാത്രി
ആശുപത്രിയിലെ കാലൊടിഞ്ഞ രോഗികളെയും മറ്റുള്ള രോഗികളായ സ്ത്രീകളെയുമൊക്കെ കഴുത്തൊപ്പം വെള്ളത്തിൽ നിന്ന് ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തി കരയിലെത്തിച്ചതിനുശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഭർത്താവ് അനിലനും സാമൂഹ്യ പ്രവർത്തകനായതിനാൽ വിവിധ സന്നദ്ധ പ്രവർത്തകരോടൊപ്പം രക്ഷാപ്രവർത്തനത്തിലായിരുന്നു.
മഴയിലും വെള്ളത്തിലും നനഞ്ഞ് കുതിർന്ന് വിറയ്ക്കുന്പോഴും ഇനിയും ആളുകളെ രക്ഷപെടുത്തണമെന്നതായിരുന്നു അന്നത്തെ ചിന്ത. അത്രയ്ക്കും കഷ്ടത്തിലായിരുന്നു ആളുകൾ വെള്ളത്തിൽ മുങ്ങിയിരുന്നത്. ജീവൻ പോലും നഷ്ടപ്പെടുമെന്ന ഭീതിയിലായിരുന്നു അവരിൽ ഭൂരിഭാഗം പേരും. വെള്ളത്തിൽ നിന്ന് ബോട്ടിൽ കയറ്റി കരയ്ക്കെത്തിക്കുന്പോൾ അവരുടെ മുഖത്ത് തെളിയുന്ന സന്തോഷം ചെറുതായിരുന്നില്ല.
പെണ്കുട്ടികൾ നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചായിരുന്നു നിന്നിരുന്നത്. അവർക്കുവേണ്ട വസ്ത്രങ്ങൾ കളക്ടറേറ്റിൽ നിന്ന് എത്തിച്ചു കൊടുത്തു. പുരുഷന്മാരായ രക്ഷാപ്രവർത്തകർക്കൊപ്പം ഒരു സ്ത്രീയെ കണ്ടപ്പോൾ സ്ത്രീകൾക്ക് എല്ലാം തുറന്നു പറയാനും സങ്കടപ്പെടാനും ഒരു ആളെ കിട്ടിയ സന്തോഷമായിരുന്നു എല്ലാവർക്കും.
പ്രളയത്തിനിടയിലും അയിത്തം
രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലും ഒരു പ്രായമായ സ്ത്രീയുടെ നിലപാട് തനിക്ക് ഏറെ മനോവിഷമമുണ്ടാക്കിയെന്ന് രഞ്ജിനി പറഞ്ഞു. വീടിന്റെ ടെറസിൽ കുടുങ്ങിയ വൃദ്ധയെ വളരെ പണിപ്പെട്ടാണ് രഞ്ജിനിയും സഹപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റിയത്.
പ്രളയസ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ ദൂരം ബോട്ടിൽ കയറ്റി തള്ളിക്കൊണ്ട് വന്ന് സുരക്ഷിത ഇടത്തിൽ എത്തിച്ചപ്പോളാണ് രക്ഷാപ്രവർത്തകർക്കെതിരേ തിരിഞ്ഞത്. താൻ ഉന്നതകുലജാതയായതിനാൽ തന്നെ തൊട്ട് അശുദ്ധമാക്കിയെന്നതായിരുന്നു വൃദ്ധയുടെ കോപത്തിനു കാരണം. പ്രളയത്തിൽ ജാതിയും മതവും എല്ലാം ഇല്ലാതായപ്പോഴും ഇത്തരക്കാർ ഇനിയും ഉണ്ടല്ലോയെന്ന് ഓർക്കുന്പോൾ മനസിന്റെ ഒരു കോണിൽ ചെറിയ വിഷമം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
അംഗീകാരവും
പ്രളയകാലത്ത് പ്രതിസന്ധികളെ തരണം ചെയ്തു രക്ഷാപ്രവർത്തനം നടത്തിയതിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരവും രഞ്ജിനിക്ക് ലഭിച്ചു. പ്രളയ സമയത്ത് കേരളത്തിൽ സേവന രംഗത്ത് ആദ്യം ഇറങ്ങിയ വനിതയെന്ന നിലയക്ക് രഞ്ജിനിയുടെ പ്രവർത്തനം ശ്രദ്ധയിൽ പെട്ട കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കനക്കുന്ന് കൊട്ടരത്തിൽ നടന്ന ചടങ്ങിൽ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
പ്രളയത്തിൽ സഹായവുമായി നിരവധി സ്ത്രീകൾ പിന്നീട് എത്തിയെങ്കിലും പുരുഷൻമാരോടൊപ്പം തുടക്കത്തിൽ തന്നെ വെള്ളത്തിലേക്ക് ചാടാൻ ധൈര്യം കാണിച്ച സ്ത്രീയെന്ന താണ് രഞ്ജിനിയെ ശ്രദ്ധേയയാക്കിയത്.