ആലപ്പുഴ: യഥാസമയം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ കോവിഡ് രോഗിക്ക് ദാരുണാന്ത്യം. തിരുമല വാര്‍ഡ് രഞ്ജിത്ത് ഭവനില്‍ രാജേന്ദ്രന്റെ മകൻ രഞ്ജിത്ത് (45) ആണ് മരിച്ചത്.
രഞ്ജിത്ത്, ഭാര്യ ഹേമ, മൂത്ത മകന് ജീവന്‍രാജ് എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായി ഒരാഴ്ചയോളം കഴിഞ്ഞിരുന്നു. പോളിയോ ബാധിച്ച് രണ്ടു കാലുകളും തളര്‍ന്നെങ്കിലും ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്നയാളാണ് രഞ്ജിത്ത്.
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള ആളെന്ന നിലയില്‍ ആശുപത്രിയിലേക്ക് പോകാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളനുസരിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും വീടു നിൽക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ എത്താന്‍ ബുദ്ധമുട്ടുണ്ടെന്ന് പറഞ്ഞു.
പിന്നീട് വീണ്ടും ബന്ധപ്പെട്ടപ്പോള്‍ വണ്ടിയുടെ ഹെഡ്ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചെങ്കിലും എട്ടോടെ എത്താമെന്ന് പറഞ്ഞു.
രഞ്ജിത്തിന്റെ നില കൂടുതൽ ഗുതരമാകുന്നത് കണ്ട് മറ്റാരുടെയും സഹായവും ലഭിക്കാത്ത സാഹചര്യത്തിൽ രഞ്ജിത്തിന്റെ 16 വയസ് പ്രായമുള്ള ഇളയ മകന് ജനില്‍ രാജും സഹോദരന് രജിത്തും ചേര്‍ന്ന് രഞ്ജിത്തിന്റെ മൂന്നു ചക്രമുള്ള സ്കൂട്ടറില്‍ കയറ്റി ആലപ്പുഴ ഫയര്‍ഫോഴ്സിന് മുന്‍പിലുള്ള മെയിൻ റോഡിലെത്തിക്കുകയായിരുന്നു.
അവിടെനിന്ന് മറ്റൊരു വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു.