കൊല്ലം: കൊറ്റങ്കര പേരൂർ തട്ടാർകോണം അയ്യർമുക്കിൽ പ്രോമിസ്ഡ് ലാന്റിൽ രഞ്ജിത്ത് ജോണ്സനെ(രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊന്നു തമിഴ്നാട്ടിലെ നാഗർകോവിലിൽ കുഴിച്ചുമൂടിയത് ഒന്പത് വർഷമായി മനസിൽ സൂക്ഷിച്ച പക തീർക്കാനെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഗുണ്ടാസംഘംഗങ്ങായ പരവൂർ പൂതക്കുളം പാണാട്ടുചിറയിൽ ഉണ്ണി (കൈതപ്പുഴ ഉണ്ണി, 39), വിനേഷ് എന്നിവരെ കിളികൊല്ലൂർ പോലീസ് പിടികൂടിയതിനെത്തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മുഖ്യപ്രതി ഇരവിപുരം സ്വദേശി മനോജ് (പാന്പ് മനോജ്, 40) ഉൾപ്പടെ നാലുപേർ ഒളിവിലാണ്.
തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേർന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്ന് പോലീസ് പറയുന്നു. ഒന്പത് വർഷങ്ങൾക്കു മുന്പ് മനോജിന്റെ പീഡനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്.
ഇതിന്റെ പക മനസിൽ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത്തും മുഖ്യപ്രതി മനോജും സുഹൃത്തുകളായിരുന്നു. ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളേയും ഭയന്നു ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്ജിത്ത്. അതേസമയം സുഹൃത്തിന്റെ ഭാര്യയുമായുള്ള മകന്റെ ബന്ധത്തിനു രഞ്ജിത്തിന്റെ മാതാപിതാക്കൾക്കു നീരസമുണ്ടായിരുന്നു.
ഇതുമൂലം ഇരുവരും കുടുംബവീട്ടിൽ നിന്നു താമസം മാറി. കുറച്ചുനാൾ മുന്പുവരെ വാടകവീടെടുത്താണ് ഇരുവരും താമസിച്ചിരുന്നത്. തനിക്കെതിരെ മനോജിൽ നിന്നു വധഭീഷണിയുണ്ടെന്നു മനസിലാക്കിയ രഞ്ജിത് വീട്ടിനു പുറത്തിറങ്ങുന്നതുതന്നെ വിരളമായിരുന്നു. രഞ്ജിത് മുന്തിയ ഇനം പ്രാവുകൾ, മുയലുകൾ എന്നിവയുടെ ബിസിനസ് നടത്തിവരികയായിരുന്നു.
സുഹൃത്തുക്കളുടെ സഹായത്തോടെ രഞ്ജിത്തിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 15നാണ് രഞ്ജിത്തിനെ സംഘം മർദിച്ചു കൊലപ്പെടുത്തിയത്. വീടുവിട്ടു പുറത്തിറങ്ങാത്ത രഞ്ജിത്തിനെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് വീട്ടിൽ നിന്നു പുറത്തിറക്കിയ ശേഷമാണു തട്ടിക്കൊണ്ടുപോയി കൊലനടത്തിയത്. പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേനയാണ് മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്.
പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നെന്നാണു കസ്റ്റഡിയിലുള്ള ഉണ്ണി മൊഴി നൽകിയത്. ഉണ്ണി നൽകിയ ആദ്യ മൊഴികൾ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്ജിത്തിനെ കാറിൽ നിന്ന് ഇത്തിക്കര ആറ്റിൽ തള്ളിയെന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്.
തുടർന്നു വിശദമായ ചോദ്യം ചെയ്യലിലാണു ചാത്തന്നൂർ പോളച്ചിറ ഏലയിലാണ് കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ പിൻസീറ്റിൽ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗർകോവിലിലേക്ക് പോയി.
കൊലനടത്തിയതിന് പിറ്റേദിവസം നാഗർകോവിൽ-തിരുനെൽവേലി റോഡിൽ തിരുനെൽവേലിക്ക് 15 കിലോമീറ്റർ ദൂരെ സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയിൽ മൃതദേഹം തള്ളിയശേഷം മണ്ണിട്ടു മൂടി. രാത്രി തന്നെ സംഘം നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.