പുന്നയൂർക്കുളം: വ്യാഴാഴ്ച പരൂർ വാക്കെത്തി റോഡിൽ മുരിയൻതടം പാടത്തിനടുത്തുള്ള സ്വകാര്യ ക്വാർട്ടേഴ്സിൽ വാക്കുതർക്കത്തെതുടർന്നു യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ സുഹൃത്തും ആറ്റുപുറം ബിഎംഎസ് യൂണിയനിലെ പ്രവർത്തകനുമായ അഞ്ഞൂര് പേരോത്ത് വീട്ടിൽ സിജു (32)നെ വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തു. വടക്കേക്കാട് കപ്ലേങ്ങാട് ക്ഷേത്രത്തിനു സമീപം തണ്ടേങ്ങാട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് (31) ആണ് മരിച്ചത്.
സംഭവത്തിനുശേഷം സിജു അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടക്കേക്കാട് സിഐ വി.രാജേഷ്കുമാർ, എസ്ഐ കെ.പ്രദീപ്കുമാർ, എഎസ്ഐ അനിൽ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സിജുവിനോടൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ പോലീസ് വിട്ടയച്ചു.സിജുവിനെ പ്രതിയാക്കി മറ്റുള്ളവരെ വിട്ടയച്ച പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നു രഞ്ജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു.
രഞ്ജിത്ത് കായംകുളത്തു പപ്പടക്കന്പനി തൊഴിലാളിയാണ്. കുറച്ചുദിവസമായി നാട്ടിൽ വന്നിട്ട്. പ്രതി സിജു രഞ്ജിത്തിന്റെ അടുത്ത കൂട്ടുകാരനാണ്. തെരഞ്ഞെടുപ്പുഫലം അറിയുന്നതിനായി സിജു താമസിക്കുന്ന ക്വാർട്ടേഴ്സിൽ കൂട്ടുകാരായ ആറംഗ സംഘം ചേർന്നു മദ്യപിക്കുകയും ഇതിനിടയിൽ സിജുവും രഞ്ജിത്തും വാക്കുതർക്കമുണ്ടാവുകയുമായിരുന്നു. ഇതിനിടെ വീട്ടിൽനിന്നു കത്തിയെടുത്ത് രഞ്ജിത്തിനെ കുത്തുകയായിരുന്നുവെന്നു പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിൽ കൊണ്ടുവന്ന് ആറ്റുപുറം പഞ്ചായത്ത് നിദ്രാലയത്തിൽ സംസ്കരിച്ചു. പ്രതിയെ ഇന്നലെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.