കൊല്ലം :രഞ്ജിത് ജോൺസണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുകയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകുകയും ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇരവിപുരം സ്വദേശി മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, കുക്കു എന്ന പ്രണവ്, സംഘത്തോടൊപ്പം കഴിഞ്ഞിരുന്ന മിനി എന്നിവരെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കുന്നത്.
ഇവരെ ഇന്നലെ രാത്രിയിലാണ് പുതുച്ചേരി പോലീസിന്റെ സഹായത്തോടെ കൊല്ലം പോലീസ് ലോഡ്ജിൽനിന്ന് പിടികൂടി കൊല്ലത്തെത്തിച്ചത്.സംഭവത്തിന് ശേഷം പരവൂർ കായലോരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പുതുച്ചേരിയിലേക്ക് കടന്നത് പുല്ലിച്ചിറ സ്വദേശിയുടെ കാറിലാണ്. മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തോടൊപ്പം കാറിന്റെ അന്വേഷണവും അന്വേഷണസംഘത്തിന് സഹായകമായി.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വിഷ്ണു, വിജേഷ്, റിയാസ്, ഉണ്ണി എന്നിവർ പിടിയിലായിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട എട്ടുപേരെയും പോലീസ് പിടികൂടി.ആദ്യം പിടികൂടിയവരിൽനിന്ന് പോലീസിന് ചില വിവരങ്ങൽ ലഭിച്ചെങ്കിലും അത് മുഖവിലയ്ക്കെടുത്തില്ല.
തുടർന്നുള്ള അന്വേഷണങ്ങളിലാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. രഞ്ജിത്തിനോടുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മനോജ് പോലീസിനോട് വ്യക്തമാക്കിയതായാണ് സൂചന. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.