കോഴിക്കോട്: വിവാദങ്ങളെ തുടർന്ന് സ്ഥാനാർഥിയാകാനുള്ള മോഹം ഉപേക്ഷിച്ച പ്രസിദ്ധ സംവിധായകൻ രഞ്ജിത്ത് പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുന്നു.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചതിനു നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മധുവായി ഫഹദ് ഫാസിൽ എത്തും.
ഇതാദ്യമായാണ് ഫഹദ് ഫാസിൽ-രഞ്ജിത്ത് കുട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നത്. സിനിമയുടെ ആദ്യ ഘട്ട ചർച്ച പൂർത്തിയായതായി രഞ്ജിത്ത് ഇന്നലെ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
മത്സരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്റേതായിരുന്നില്ല. സിപിഎമ്മിലെ ഒരു മുതിർന്ന നേതാവ് തന്നെ വീട്ടിൽ വന്നു കണ്ട് ആവശ്യം അറിയിക്കുകയായിരുന്നു.
കോഴിക്കോട് നോർത്തിൽ എ.പ്രദീപ് കുമാർ മൂന്നുവട്ടം പൂർത്തിയാക്കിയതിനാൽ ഞങ്ങൾ ഒരു പുതുമുഖത്തെ തേടുകയാണെന്നും നിങ്ങളാണ് ഞങ്ങളുടെ മനസിലെന്നും അയാൾ പറഞ്ഞിരുന്നു.
പ്രദീപ്കുമാറിനു ഇളവു നൽകിക്കൂടെയെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ പാർട്ടി തീരുമാനം അങ്ങിനെയാണെന്ന് പറഞ്ഞതിനാലാണ് നോക്കാം എന്നു പറഞ്ഞത്-രഞ്ജിത്ത് വെളിപ്പെടുത്തി.
എന്നാൽ പിന്നീടുണ്ടായ സംഭവവികാസങ്ങളിൽ വിഷമമില്ലെന്നും പുതിയ സിനിമയുമായി മുന്നോട്ടുപോകുമെന്നും രഞ്ജിത്ത് പറഞ്ഞു.
അട്ടപ്പാടിയിലെ നിഷ്കളങ്കനായ മധുവിന്റെ നിസഹായാവസ്ഥ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഫഹദ് ഫാസിലിന്റെ അഭിനയത്തിനാകുമെന്ന പ്രതീക്ഷയിലാണ് സിനിമ ആരാധകർ.