ചാത്തന്നൂർ: രണ്ടാഴ്ചയോളം മുമ്പ് കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ മത്സ്യ ലോറി കണ്ടെത്താൻ പാരിപ്പള്ളി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.കഴിഞ്ഞ 19നാണ് പട്ടികജാതിക്കാരനായ എഴിപ്പുറം തുണ്ടുവിള വീട്ടിൽ രഞ്ജിത്തിനെ (20)തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ വാഹനം പാരിപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഇടിച്ചുതെറിപ്പിച്ചത്.
കോയമ്പത്തൂർ സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ദേശീയപതായിലൂടെ നടന്നു പോകുയായിരുന്നു അവിവാഹിതനായ യുവാവ്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അവിടെനിന്നും പാരിപ്പള്ളി മെഡിക്കൽകോളജ് ശുപത്രിയിലേക്ക് രോഗിയെ മാറ്റി. ഇപ്പോഴും യുവാവ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ മിക്കപ്പോഴും അബോധാവസ്ഥയിൽ കിടക്കുകയാണ്. ബോധം വീണ്ടെടുക്കുമ്പോൾ അക്രമാസക്തനാകുന്നതിനാൽ യുവാവിന്റെ കൈകാലുകൾ ബന്ധിച്ച നിലയിലാണ്.
യുവാവിന്റെഏക വരുമാനത്തിലായിരുന്നു വൃദ്ധരായ മാതാപിതാക്കളും സഹോദരിയുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും വഴിയോരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും കാട്ടി മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നല്കുമെന്നും യുവാവിന്റെബന്ധുക്കൾ പറഞ്ഞു.