തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിയിൽ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രോ വൈസ് ചാൻസിലറോടും പരീക്ഷ കണ്ട്രോളറോടും വിസി നിർദേശിച്ചു.
വധശ്രമക്കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെ ആറു പ്രതികളെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. നേരത്തേ, ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് പരീക്ഷാ ഹാളിൽവച്ച് മാത്രം വിദ്യാർഥികൾക്ക് നൽകേണ്ട പേപ്പറുകളാണ് കണ്ടെത്തിയത്. കന്റോൺമെന്റ് എസ്ഐ നടത്തിയ പരിശോധനയിൽ നാല് ബണ്ടിൽ പേപ്പറുകളാണ് കണ്ടെത്തിയത്.
ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു. ഇതിനിടെ, പിഎസ്സി പരീക്ഷയിൽ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനായതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇയാളും കൂട്ടരും പിഎസ്സി പരീക്ഷയിൽ എങ്ങനെ ഉന്നത റാങ്കുകളിലെത്തിയെന്ന് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു.