തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന സമ്മേളന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. തുടർച്ചയായ രണ്ടാം തവണയാണ് രഞ്ജിത്തിനു നേരെ കൂവൽ ഉണ്ടാകുന്നത്. വലിയ കൂവൽ നേരിട്ടെങ്കിലും രഞ്ജിത്ത് പ്രസംഗം തുടർന്നു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉണ്ടായത്. കഴിഞ്ഞ ഐഎഫ്എഫ്കെയുടെ സമാപന വേദിയിലും സമാന സംഭവം നടന്നു.
സിനിമ കാണാൻ സീറ്റ് കിട്ടാത്തവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത് നടത്തിയ പ്രസ്താവനക്കെതിരെയാണ് കഴിഞ്ഞ വർഷം പ്രതിഷേധമെങ്കിൽ ഇത്തവണ ചലചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് കൂവലിനു കാരണമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത് പ്രതികരിച്ചിരുന്നു. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍ നിലവില്‍ ഭിന്നിപ്പില്ലെന്നുമാണ് രഞ്ജിത്തിന്റെ വാദം. എന്നാൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.
നടന് ഭീമന് രഘുവിനെതിരെയും സംവിധായകന് ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു.