കൊല്ലം: പേരൂർ രഞ്ജിത്ത് ജോണ്സണ് വധക്കേസിൽ വിചാരണ നടപടികൾ കൊല്ലം അഡീഷണൽ സെഷൻസ് കോടതി നാലിൽ പൂർത്തിയായി. സാക്ഷി വിസ്താരം ആരംഭിച്ച് മൂന്നുമാസം തികയുന്ന 13ന് വിധി പറയും. കേസിൽ 63 പേരെ വിസ്തരിച്ചു. പ്രതികൾക്കെതിരെ 225 രേഖകളും 26 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
ഫൊറൻസിക് സയൻസ് വിഭാഗത്തിലെ 10 ഓളം ഉദ്യോഗസ്ഥരെയും കേസുമായി ബന്ധപ്പെട്ട് കോടതി വിസ്തരിച്ചിരുന്നു. പ്രതി ഭാഗത്ത് നിന്ന് ആറു സാക്ഷികളും ഒൻപത് രേഖകളും ഹാജരാക്കി. പ്രതികളെ പിടികൂടി 82 ാം ദിവസം കിളികൊല്ലൂർ പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതോടെയാണ് ഫെബ്രുവരി 13ന് വിചാരണ നടപടികൾ ആരംഭിച്ചത്.
ഇരവിപുരം സ്വദേശി മനോജ് (പാന്പ് മനോജ് -40), നെടുങ്ങോലം സ്വദേശി രഞ്ജിത്ത് (കാട്ടുണ്ണി-40), പൂതക്കുളം പാണാട്ടുചിറയിൽ ഉണ്ണി (കൈതപ്പുഴ ഉണ്ണി-39), വെറ്റിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന ഡീസന്റ്മുക്ക് കോണത്തുകാവിനു സമീപം പ്രണവ് (കുക്കു-25), ഡീസന്റ്മുക്ക് സ്വദേശി വിഷ്ണു (21), കിളികൊല്ലൂർ പവിത്രം നഗറിൽ വിനേഷ് (38), വെറ്റിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന വടക്കേവിള സ്വദേശി റിയാസ് (30), കിളികൊല്ലൂർ നക്ഷത്ര നഗർ പറങ്കിമാംവിളയിൽ അജിംഷ (ബാബുജി -37) എന്നിവരാണു പ്രതികൾ.
ഇതിൽ എട്ടാം പ്രതി അജിംഷാക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടികൾ പൂർത്തിയായതോടെ മറ്റ് പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റി. കൊറ്റങ്കര പേരൂർ തട്ടാർകോണം അയ്യർമുക്കിൽ പ്രോമിസ്ഡ് ലാന്റിൽ രഞ്ജിത്ത് ജോണ്സനെ(രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊന്നു നാഗർകോവിലിൽ കുഴിച്ചുമൂടിയെന്നാണ് പ്രോസിക്യൂഷൻ കേസ്. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാ നേതാവായ മനോജും കൂട്ടാളികളും ചേർന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്നാതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഒന്പത് വർഷങ്ങൾക്കു മുന്പ് മനോജിന്റെ പീഡനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ പക മനസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മനോജ്. രഞ്ജിത്തും മുഖ്യപ്രതി മനോജും സുഹൃത്തുകളായിരുന്നു. ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളേയും ഭയന്നു ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്ജിത്ത്.
തനിക്കെതിരെ മനോജിൽ നിന്നു വധഭീഷണിയുണ്ടെന്നു മനസിലാക്കിയ രഞ്ജിത് വീട്ടിനു പുറത്തിറങ്ങുന്നതുതന്നെ വിരളമായിരുന്നു. മുന്തിയ ഇനം പ്രാവുകൾ, മുയലുകൾ എന്നിവയുടെ ബിസിനസ് നടത്തിവരികയായിരുന്നു രഞ്ജിത്.
വീടുവിട്ടു പുറത്തിറങ്ങാത്ത രഞ്ജിത്തിനെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് വീട്ടിൽ നിന്നു പുറത്തിറക്കിയ ശേഷമാണു തട്ടിക്കൊണ്ടുപോയി കൊലനടത്തിയത്.
പ്രാവിനെ വാങ്ങാനെന്ന വ്യാജേനയാണ് മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്. കാറിൽ തട്ടിക്കൊണ്ടുപോയ രഞ്ജിത്തിനെ പോളച്ചിറ ഏലായിൽ എത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം കാറിന്റെ പിൻസീറ്റിൽ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗർകോവിലിലേക്ക് പോയി.
കൊലനടത്തിയതിന് പിറ്റേദിവസം നാഗർകോവിൽ-തിരുനെൽവേലി റോഡിൽ തിരുനെൽവേലിക്ക് 15 കിലോമീറ്റർ ദൂരെ സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയിൽ മൃതദേഹം തള്ളിയശേഷം മണ്ണിട്ടു മൂടി. രാത്രി തന്നെ സംഘം നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. മകൻ തിരികെ വരാതിരുന്നതിനെ തുടർന്ന് ഓഗസ്റ്റ് 20ന് ഉച്ചകഴിഞ്ഞ് 3.30 മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോണ്സണ് കിളികൊല്ലൂർ പോലീസിൽ പരാതി നൽകി.
അന്വേഷണത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പോലീസ് സംഘം സമുന്ദാപുരത്തേക്ക് പോയി. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന കുഴിയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. കൈയിലെ പച്ചകുത്തിയ അടയാളമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.
ഡിസംബർ ഒന്നിനാണ് കിളികൊല്ലൂർ ക്രൈം എസ്ഐ വി അനിൽകുമാർ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.ആദ്യപ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്നതിന് മുന്പ് കുറ്റപത്രം നൽകിയതോടെ പ്രതികൾക്ക് ജാമ്യം നേടി പുറത്തിറങ്ങാനാവില്ല. ഓഗസ്റ്റ് 15നാണ് രഞ്ജിത്ത് ജോണ്സണെ കാണാതായത്. കേസെടുത്തത് ആഗസ്റ്റ് 20നും. സെപ്റ്റംബർ ഏഴിനായിരുന്നു കേസിലെ ആദ്യ അറസ്റ്റ്.