ആലുവ: യുവാവിന് നേരേയുണ്ടായ വധശ്രമ കേസിൽ മത-തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആലുവ വെസ്റ്റ് സിഐ കെ. ഉണ്ണികൃഷ്ണനാണ് അന്വേഷണ ചുമതലയെങ്കിലും വിവിധ പോലീസ് ഏജൻസികൾ അന്വേഷണം ന്നത്തുന്നുണ്ട്.
പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ചൊവ്വാഴ്ച്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബൈക്ക് യാത്രികനായ കുട്ടമശേരി കൊല്ലംകുടി വീട്ടിൽ കെ.വി. രാജന്റെ മകൻ രഞ്ജിത്തിനാണ് (36) അജ്ഞാത സംഘത്തിന്റെ മർദനമേറ്റത്.
വലതു കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ആലുവ-പറവൂർ റോഡിൽ യുസി കോളജിന് സമീപം വെച്ചായിരുന്നു എട്ടംഗ സംഘത്തിന്റെ മർദനമേറ്റത്. കെട്ടിട നിർമാണ കരാറുകാരനായ രഞ്ജിത്ത് ജോലി സംബന്ധമായി കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
തൂവാല വെച്ച് മുഖം മറച്ച് ബൈക്കിലെത്തിയ സംഘം ആദ്യം രഞ്ജിത്തിനെ തടഞ്ഞ് നിർത്തി മുഖത്തിടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയതിനെ തുടർന്ന് ബോധരഹിതനായ രഞ്ജിത്തിനെ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു.
കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരേ വധശ്രമത്തിന് കേസെടുത്ത് ആലുവ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ചും വാഹനങ്ങളുടെ നമ്പറുകൾ കണ്ടെത്തിയും പ്രതികൾക്കായുള്ള തെരച്ചിൽ നടത്തിവരികയാണെന്ന് സിഐ കെ. ഉണ്ണികൃഷ്ണൻ രാഷ്ട്രദീപികയോട് പറഞ്ഞു.
അതേ സമയം അടുത്തിടെ ചാലക്കലിൽ നടന്ന മതമാറ്റ വിഷയവുമായി അക്രമത്തിന് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹിന്ദു ഐക്യ വേദിയുടെ പ്രവർത്തകരായ അക്രമത്തിൽ പരിക്കേറ്റ രഞ്ജിത്തും പിതാവ് രാജനും മതമാറ്റ വിഷയത്തിൽ ഇടപ്പെട്ടിരുന്നതായി പറയുന്നു.