മലയാള സിനിമാസ്വാദകരെ എക്കാലവും ഹരം കൊള്ളിച്ചിട്ടുള്ള, അവരെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ള ഒരു കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-രഞ്ജിത്ത്. ഇരുവരും അടുത്ത കൂട്ടുകാരുമാണ്. എന്നാല്‍ അടുത്ത സുഹൃത്തുക്കളില്‍ കാണാറുള്ള പിണക്കവും പരിഭവവുമെല്ലാം ഇവരിലും ഉണ്ട്. അത്തരത്തില്‍ ഇരുവര്‍ക്കുമിടയില്‍ നടക്കാറുള്ള പരിഭവങ്ങളെയും പിണക്കങ്ങളെയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജിത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. രഞ്ജിത്തിന്റെ വാക്കുകളിങ്ങനെ…
ലാലിന്റെയുള്ളില്‍ ഒരു ചെറിയ കുട്ടിയുണ്ട്. വളരെ സെന്‍സിറ്റീവ് ആണ് ആ കുട്ടി. അങ്ങനെയൊരു കുട്ടി എന്റെയുള്ളിലും ഉണ്ടാവാം. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ കുട്ടികളെപ്പോലെ തല്ലുകൂടാറുണ്ട്. ഡ്രാമയുടെ ലണ്ടനിലെ ലൊക്കേഷനിലും ഞങ്ങള്‍ പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട്. സാധാരണ ‘അണ്ണാ’ എന്നാണ് ലാല്‍ എന്നെ വിളിക്കാറ്. ഞാന്‍ തിരിച്ച് ‘അണ്ണാച്ചി’ എന്നും.
പിണങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ രഞ്ജിത്ത് എന്നേ അദ്ദേഹം വിളിക്കൂ. ഞാന്‍ അപ്പോള്‍ ‘ലാല്‍ സാര്‍’ എന്നായിരിക്കും വിളിക്കുക. ലാല്‍ എന്നെ അപൂര്‍വമായേ രഞ്ജീ എന്നു വിളിക്കാറുള്ളു. അത് സ്‌നേഹം കൂടി നില്‍ക്കുമ്പോഴാണ്. വളരെ സ്വകാര്യമായി ഞാനും ലാലു എന്നു വിളിക്കാറുണ്ട്. അതും സ്‌നേഹം കൂടുമ്പോള്‍ മാത്രം.
ലാല്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത് അദ്ദേഹം ആ സിനിമയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. അങ്ങനെ സ്‌നേഹിച്ചു കഴിഞ്ഞാല്‍ കഥാപാത്രത്തിനുവേണ്ടി എന്തു ത്യാഗത്തിനും തയാറാവും. മോഹന്‍ലാലിന്റെ സംഭാഷണ രീതിക്ക് ഒരു താളമുണ്ട്. ആ താളത്തിന് കൃത്യമായി ഇണങ്ങുന്ന വിധത്തിലാണ് ഞാന്‍ സംഭാഷണങ്ങള്‍ ഒരുക്കുക.
അത് ബോധപൂര്‍വമല്ല. എന്റെ നായകന്‍ മോഹന്‍ലാല്‍ ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ അങ്ങനെ സംഭവിച്ചുപോകുന്നതാണ്. മനസില്‍ പറഞ്ഞുകൊണ്ടാണ് ഞാന്‍ സംഭാഷണം എഴുതുന്നത്. അത് മോഹന്‍ലാല്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കുമെന്ന് എനിക്കറിയാം. മുമ്പ് പറഞ്ഞ താളം അങ്ങനെ കയറി വരുന്നതാണ്. രഞ്ജിത്ത് പറഞ്ഞു നിര്‍ത്തുന്നു.