യുവാവിനെ മുന്‍വൈരാഗ്യത്തെതുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിലെ ക്വാറി വേസ്റ്റ് കുഴിയില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം പേരൂര്‍ കൊറ്റങ്കര അയ്യത്തുമുക്കിന് സമീപം പ്രോമിസ്ഡ് ലാന്റില്‍ ജോണ്‍സണിന്റെയും ട്രീസയുടെയും മകന് രഞ്ജിത്ത് ജോണ്‍സനാണ് (40) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മയ്യനാട് സ്വദേശി ബൈജു, ചന്പക്കുളം സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 15 മുതലാണ് ഇയാളെ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് നാടകീയ വഴിത്തിരിവുണ്ടാകുന്നത്. രഞ്ജുവിനെ കൊലപ്പെടുത്തിയതായി ചില അജ്ഞാത സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. അന്വേഷണം ആരംഭിച്ചപ്പോള്‍ സുഹൃത്തുക്കളായ ചിലര്‍ നാട്ടില്‍ നിന്ന് മുങ്ങിയതായി കണ്ടെത്തി. തുടര്‍ന്നാണ് സുഹൃത്ത് മയ്യനാട് സ്വദേശി ഉണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മൊഴിയില്‍ പൊരുത്തക്കേട് വന്നതോടെ കൂടുതല്‍ ചോദ്യം ചെയ്തതിലാണ് വിവരങ്ങള്‍ പുറത്തായത്.
വീടിനോട് ചേര്‍ന്ന് അരുമ മൃഗങ്ങളെയും പക്ഷികളെയും വില്‍പ്പന നടത്തുന്ന രഞ്ജുവിന് ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സംഭവദിവസം ഈ സുഹൃത്തുക്കളാണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരുന്ന് മദ്യപിക്കാനെന്ന വ്യാജേനയാണ് ഒപ്പം കൂട്ടിയത്. ഇതിനുശേഷമാണ് ഇയാളെ കാണാതായത്.
ഒന്നാംപ്രതി മനോജ്, രണ്ടാംപ്രതി ഉണ്ണി, നാലും അഞ്ചും പ്രതികളായ കുക്കു, വിഷ്ണു എന്നിവരാണ് ഒളിവില്‍ പോയത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ 15നാണ് ജോണ്‍സണിനെ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. രഞ്ജിത്തിനെ കാണാതായതോടെ ബന്ധുക്കള്‍ കിളികൊല്ലൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ ഇരവിപുരം സിഐ നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.
രഞ്ജിത്തിന്റെ മൊബൈല്‍ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചതില്‍നിന്നാണ് ബൈജുവിന്റെയും വിനീഷിന്റെയും നമ്പറിലേക്ക് അന്വേഷണം എത്തിയത്. രഞ്ജിത്തിനെ ചാത്തന്നൂര്‍ പോളച്ചിറ ഏലായിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കാറില്‍ തന്നെ തമിഴ്നാട്ടിലെ തിരുനെല്വേലിറോഡിലെ ക്വാറി വേസ്റ്റ് കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മുഖ്യപ്രതി മനോജ് രഞ്ജിത്തുമായി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വൈരാഗ്യത്തിലായിരുന്നു.
തന്റെ ഭാര്യയെ വശത്താക്കി കൂടെ താമസിപ്പിച്ചുവരുന്ന രഞ്ജിത്തിനോട് പകരം വീട്ടാനായി അവസരം കാത്തുകഴിയുകയായിരുന്നു. ഇതിനായി പലമാര്‍ഗങ്ങളും അയാള്‍ സ്വീകരിച്ചു വരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം. തനിക്ക് മനോജില്‍നിന്ന് വധഭീഷണി ഉണ്ടായതിനെതുടര്‍ന്ന് രഞ്ജിത്ത് കൂടുതലായി പുറത്ത് ആരോടും ഇടപഴകിയിരുന്നില്ല.
കുടുംബവീട്ടില്‍ താമസിച്ചുവന്ന രഞ്ജിത്ത് മുന്തിയ ഇനം പ്രാവുകള്‍, മുയലുകള്‍ എന്നിവയുടെ കച്ചവടവുമായി ബന്ധപ്പെട്ട് കഴിയുകയായിരുന്നു. മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.