‘അണ്ണാ’ എന്ന ആ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട് ! സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ച് നാലുവര്‍ഷം പിന്നിടുമ്പോള്‍ ആത്മസുഹൃത്തിന്റെ ഓര്‍മയില്‍ നടന്‍ രഞ്ജിത്ത് രാജ്

വെറും 23 വയസ്സിനിടെ പതിനെട്ടോളം സീരിയലുകളില്‍ അഭിനയിച്ച ശേഷമാണ് ശരത് കുമാര്‍ ഈ ജീവിതത്തോട് വിടപറഞ്ഞത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ രാഹുലിനെ മലയാളികള്‍ക്ക് അത്രവേഗം മറക്കാനാവില്ല. പലരും ശരത്തിനെ വിളിച്ചിരുന്നത് പോലും രാഹുല്‍ എന്നായിരുന്നു.  2015, ഫെബ്രുവരി 26ന് സീരിയല്‍ ഷൂട്ടിംഗിന് പോകുന്നതിനിടെയാണ് ശരത് ബൈക്ക് അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. ശരത് കുമാര്‍ ഓര്‍മ്മയായി നാലുവര്‍ഷം തികയുമ്പോള്‍ പ്രിയ സുഹൃത്തും നടനുമായ രഞ്ജിത്ത് രാജ് പ്രിയ സുഹൃത്തിനെ ഓര്‍മിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നെടുവീര്‍പ്പോടെ ശരത്തിനെക്കുറിച്ച് പറയുന്നത്.

”ഓട്ടോഗ്രാഫ് എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. പ്ലസ് ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലില്‍ ‘ഫൈവ് ഫിംഗേഴ്‌സ്’ എന്നറിയപ്പെടുന്ന ഒരു ടീം ആണ് ഞങ്ങള്‍ അഞ്ചു പേര്‍. ഞാന്‍, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി എന്നിവര്‍. എന്റെ കഥാപാത്രത്തിന്റെ പേര് ജയിംസ് എന്നായിരുന്നു. ശരത് രാഹുലും .സെറ്റില്‍ വന്നാല്‍ പിന്നെ ‘അണ്ണാ.. ‘ എന്നു വിളിച്ച് ശരത് എന്റെ പിന്നാലെ ഉണ്ടാവും. ആദ്യമൊക്കെ എനിക്ക് ആ വിളി ദേഷ്യമായിരുന്നു. ഞാന്‍ പറയും; ‘എടേ … നീ എന്നെ അണ്ണാ എന്നു വിളിക്കണ്ട. പേര് വിളിച്ചാല്‍ മതി എന്ന്’ അതു കേള്‍ക്കുമ്പം അവന്‍ പരിഭവത്തില്‍ ചിണുങ്ങും. പിന്നെ , എന്നെ ചൂട് പിടിപ്പിക്കാനായി ഒരു മറുപടിയുണ്ട്. ‘അണ്ണാ.. ഞാനങ്ങനെ വിളിച്ചു പോയില്ലേണ്ണാ. ഒന്നു ക്ഷമിക്കണ്ണാ, ഒന്നു സമ്മതിക്കണ്ണാ ‘

അവന്റെ ഭാവം കാണുമ്പോള്‍ നമ്മള് ചിരിച്ചു പോവും. പിന്നെപ്പിന്നെ, ആ വിളി എനിക്കും ഇഷ്ടമായി. ഒരു കുടുംബം പോലെ, എപ്പോഴും സന്തോഷം നിറഞ്ഞ ഒരു ക്യാംപസ് പോലെ ആയിരുന്നു ആ ലൊക്കേഷന്‍. ഷൂട്ടിങ് ബ്രേക്ക് ആവരുതേ എന്നു പ്രാര്‍ഥിച്ചിരുന്ന സമയം. ഒരു ദിവസം, ഒരു ഫൈറ്റ് സീന്‍ ആണ് എടുക്കേണ്ടത്. വില്ലന്‍മാരുമായി റിഹേഴ്‌സല്‍ ഒക്കെ കഴിഞ്ഞു.’വലതു കയ്യു കൊണ്ട് ഫസ്റ്റ് പഞ്ച് ‘ ശരത് ഇടയ്ക്കിടെ എന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും ഞങ്ങള്‍ക്ക് നിര്‍ദ്ദേശം തന്നിരുന്ന ശരത് പറഞ്ഞതിന് കടകവിരുദ്ധമായി ഇടതു കാല് കൊണ്ട് വില്ലന്‍മാരില്‍ ഒരാളെ ആഞ്ഞൊരു തൊഴി. അതോടെ അവിടൊരു കൂട്ടത്തല്ല് ആയി. ഒടുവില്‍, സംവിധായകന്‍ ‘കട്ട്’ പറഞ്ഞപ്പോള്‍ ഞാന്‍ കിതച്ചു കൊണ്ട് ശരത്തിനെ നോക്കി; ‘എന്തോന്നെടേ, ഇത്? മൊത്തം ടൈമിങ്ങും നീ തെറ്റിച്ചില്ലേ ‘

അവന്‍ നിഷ്‌ക്കളങ്കമായി ചിരിച്ചു; ‘എന്നാലെന്താ, വില്ലന്‍മാര്‍ക്ക് ആവശ്യത്തിനു കൊടുത്തില്ലേ. എന്റെ പൊന്നണ്ണാ… ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ.’ പക്ഷേ, ഒരിക്കലും സഹിക്കാന്‍ ആവാത്ത ‘നമ്പര്‍ ‘ ആയിപ്പോയി അവന്റെ മരണം. നാലു വര്‍ഷം ആവുമ്പോഴും ആ നടുക്കം എന്നെ വിട്ടു പോയിട്ടില്ല. ‘അണ്ണാ’ എന്ന ആ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട് ഇപ്പോഴും. നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ലല്ലോ ചങ്ങാതി-രഞ്ജിത്ത് രാജ് പറയുന്നു.

സിനിമയോടായിരുന്നു എന്നും ശരത്തിന് ഭ്രമം. സീരിയലുകളില്‍ ലഭിച്ച മികച്ച വേഷങ്ങള്‍ സിനിമയിലേക്ക് വഴി തുറന്ന് തരുമെന്ന് ശരത്ത് കുമാര്‍ എന്നും വിശ്വസിച്ചിരുന്നു. പതിനാറാം വയസ്സിലാണ് ശരത് ആദ്യമായി അഭിനയിക്കുന്നത്. കൃഷ്ണകൃപാസാഗരം എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. ചുരുങ്ങിയ കാലം കൊണ്ട് ശരത് 18 ഓളം സീരിയലുകളിലാണ് അഭിനയിച്ചത്. മിക്കവയിലും മികച്ച വേഷം തന്നെ ലഭിച്ചു. പിന്നീട്, ‘ഓട്ടോഗ്രാഫ്, ചന്ദനമഴ, സരയൂ, പട്ടുസാരി, ദത്തുപുത്രി’ എന്നീ സീരിയലുകളില്‍ അഭിനയിച്ചു. കൊല്ലത്തെ സീരിയല്‍ ലൊക്കേഷനിലേക്ക് പോവും വഴി ശരത് ഓടിച്ചിരുന്ന ബൈക്ക് പാരിപ്പള്ളിക്ക് സമീപം മൈലക്കാട് വച്ച് നിയന്ത്രണം വിട്ട് ഒരു ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

Related posts