തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരേ ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ഡോ. ബിജുവും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും.
അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി ചെയർമാനെ സർക്കാർ അടിയന്തരമായി പുറത്താക്കണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു. ലൈംഗികാരോപണം നിസാരമായി കാണാനാകില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായി ലൈംഗിക ആരോപണം ഉയർന്നുവന്നത് നിസാരമായി കണക്കാക്കാൻ സാധിക്കില്ല .
സാംസ്കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം, അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് അർഹനല്ലെന്നും ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചു.
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് രാജി വയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തണം. പവര്‍ ഗ്രൂപ്പില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകളുണ്ടെന്ന് ഓരോ ദിവസം കഴിയുമ്പോഴും തെളിയിക്കപ്പെടുകയാണ്.
1978ലെ എസ്എഫ്ഐക്കാരനാണെന്ന് എപ്പോഴും പറയുന്ന ആളാണ് രഞ്ജിത്ത്. അതിജീവിതയെ വേദിയിലേക്ക് കൊണ്ടുവന്ന് കൈയടി നേടിയിട്ടുള്ള ആളാണ് അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ കഥ പറയുന്ന സിനിമയില്‍ തന്നെ പക്ഷേ അദ്ദേഹം സിനിമയിലെ വില്ലന്‍ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായി പരകായപ്രവേശം ചെയ്തു- രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.
പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ഈ പരാതിയിലെങ്കിലും എഫ്ഐആറിട്ട് അന്വേഷണം നടത്താന്‍ തയാറാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.