മാവേലിക്കര: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി. ശ്രീദേവിയാണ് വിധി പ്രഖ്യാപിച്ചത്. 15 പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ 20നു കോടതി കണ്ടെത്തിയിരുന്നു. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണു പ്രതികൾ.
രഞ്ജിത് ശ്രീനിവാസനെ 2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നു കണക്കാക്കിയാണു ശിക്ഷാവിധി. ഗൂഢാലോചന നടത്തി ആസൂത്രിതമായിട്ടാണു പ്രതികൾ അരുംകൊല നടത്തിയതെന്നു കോടതി കണ്ടെത്തി. ഗൂഢാലോചന നടത്തിയവർക്കും വധശിക്ഷ വിധിക്കുന്നത് അപൂർവമാണ്.
ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന മൂന്നു രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു രഞ്ജിത് ശ്രീനിവാസന്റെ വധം. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ. നന്ദുകൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതികാരമെന്ന പോലെ പിന്നീട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ മണ്ണഞ്ചേരിയിൽ കൊലപ്പെടുത്തി. അതിന്റെ പിറ്റേന്നു രാവിലെയായിരുന്നു രഞ്ജിത് വധം.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു പ്രതികൾ.
സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ആണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. ശിക്ഷ വിധിക്കുന്നതിനോടനുബന്ധിച്ച് കോടതി പരിസരത്തു ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.