ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി. ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇതിൽ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയുള്ള കൊലക്കുറ്റവും തെളിഞ്ഞു. കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നാണ് കണ്ടെത്തൽ. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
കേസിൽ 31 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ 15 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2021 ഡിസംബർ 19നായിരുന്നു കൊലപാതകം നടന്നത്. പ്രഭാതസവാരിക്കു പതിവായി ഇറങ്ങുന്ന സമയം നോക്കിയെത്തിയ അക്രമികൾ 6.45 ഓടെ വീടിന്റെ ഡൈനിംഗ് ഹാളിലിട്ട് ചുറ്റികയ്ക്ക് ഇടിച്ചും വാളിനു വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
കുന്നുപറന്പ് വീട്ടിൽ പരേതനായ കെ.എസ്. ശ്രീനിവാസൻ-വിനോദിനി ദന്പതികളുടെ മകനും അഭിഭാഷകനുമായ രഞ്ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തു കിടന്ന കാറും ബൈക്കും മുറിക്കുള്ളിലെ ടീപ്പോയും ഗ്ലാസും അടിച്ചുതകർത്തു.
പുലർച്ചെ മൂത്തമകൾ ഭാഗ്യക്കു ട്യൂഷൻക്ലാസിനു പോകുന്നതിനു ഗേറ്റു തുറന്നുകൊടുത്ത ശേഷം വീടിനകത്തെ മുറിയിൽ ഇരിക്കുമ്പോൾ സന്ദർശന മുറിയിൽ ശബ്ദം കേട്ടു പുറത്തേക്കു വന്ന രഞ്ജിത്ത് ശ്രീനിവാസനെ അക്രമിസംഘം അടിച്ചു വീഴ്ത്തി. ക്ഷേത്രദർശനം കഴിഞ്ഞു വീട്ടിലേക്കു കയറിവന്ന അമ്മ വിനോദിനി തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ വാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി തള്ളിയിട്ടിരുന്നു.
ശബ്ദം കേട്ട് അടുക്കളയിൽനിന്നു വന്ന ഭാര്യ അഡ്വ. ലിഷയുടെയും മുറിയിൽനിന്നു വന്ന ഇളയമകൾ ഹൃദ്യയുടെയും മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തുകയായിരുന്നു. വിനോദിനിയുടെ കരച്ചിൽ കേട്ട് മുകളിലെ നിലയിലായിരുന്ന രഞ്ജിത്തിന്റെ സഹോദരൻ അഭിജിത്ത് എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.