ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില് ശിക്ഷാ വിധി ഇന്നറിയാം. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
കൊലപാതകത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കെതിരേ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. 2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേവെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ. ഇവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
2021 ഡിസംബർ 19നായിരുന്നു കൊലപാതകം നടന്നത്. പ്രഭാതസവാരിക്കു പതിവായി ഇറങ്ങുന്ന സമയം നോക്കിയെത്തിയ അക്രമികൾ 6.45 ഓടെ വീടിന്റെ ഡൈനിംഗ് ഹാളിലിട്ട് ചുറ്റികയ്ക്ക് ഇടിച്ചും വാളിനു വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
കുന്നുപറന്പ് വീട്ടിൽ പരേതനായ കെ.എസ്. ശ്രീനിവാസൻ-വിനോദിനി ദന്പതികളുടെ മകനും അഭിഭാഷകനുമായ രഞ്ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തു കിടന്ന കാറും ബൈക്കും മുറിക്കുള്ളിലെ ടീപ്പോയും ഗ്ലാസും അടിച്ചുതകർത്തു.
പുലർച്ചെ മൂത്തമകൾ ഭാഗ്യക്കു ട്യൂഷൻക്ലാസിനു പോകുന്നതിനു ഗേറ്റു തുറന്നുകൊടുത്ത ശേഷം വീടിനകത്തെ മുറിയിൽ ഇരിക്കുമ്പോൾ സന്ദർശന മുറിയിൽ ശബ്ദം കേട്ടു പുറത്തേക്കു വന്ന രഞ്ജിത്ത് ശ്രീനിവാസനെ അക്രമിസംഘം അടിച്ചു വീഴ്ത്തി. ക്ഷേത്രദർശനം കഴിഞ്ഞു വീട്ടിലേക്കു കയറിവന്ന അമ്മ വിനോദിനി തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ വാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി തള്ളിയിട്ടിരുന്നു.
ശബ്ദം കേട്ട് അടുക്കളയിൽനിന്നു വന്ന ഭാര്യ അഡ്വ. ലിഷയുടെയും മുറിയിൽനിന്നു വന്ന ഇളയമകൾ ഹൃദ്യയുടെയും മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തുകയായിരുന്നു. വിനോദിനിയുടെ കരച്ചിൽ കേട്ട് മുകളിലെ നിലയിലായിരുന്ന രഞ്ജിത്തിന്റെ സഹോദരൻ അഭിജിത്ത് എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.