നാഗ്പുര്‍: നാല്‍പ്പത്തി അയ്യായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പടുകൂറ്റന്‍ സ്റ്റേഡിയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാണികളുള്ള കായികവിനോദമായ ക്രിക്കറ്റിന്റെ ഏറ്റവും സുപ്രധാന മത്സരവും.
എന്നിട്ടും ഗുജറാത്തിലെ ജാംതയിലുള്ള സ്റ്റേഡിയത്തില്‍ കളികാണാന്‍ ഇന്നലെ നാനൂറ്റിയമ്പതുപേര് തികച്ചെത്തിയിട്ടില്ല. രാജ്യാന്തര മത്സരങ്ങള്‍ നടത്തി കോടികള്‍ കീശയിലാക്കുന്ന ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ ആഭ്യന്തര മത്സരങ്ങള്‍ക്കു വില കല്‍പ്പിക്കുന്നില്ലെന്ന് ജാംത സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകള്‍ വിളിച്ചുപറയുകയാണ്. രഞ്ജി ട്രോഫി ഫൈനലുമായി ബന്ധപ്പെട്ട പ്രചാരണങ്ങളൊന്നും നാഗ്പൂരില്‍ കാണാനില്ല.
നാഗ്പുരില്‍നിന്ന് 18 കിലോമീറ്ററോളം ഉള്ളില്‍ വരണ്ടുണങ്ങിയ ഒരു പ്രദേശത്താണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം. സമീപവാസികളാരും സ്റ്റേഡിയത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. രഞ്ജി ക്രിക്കറ്റ് ഫൈനൽ മത്സരം നടക്കുന്നുണ്ടെന്നത് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും അജ്ഞാതം.
മഹാരാഷ്ട്രയുടെ പാതിഭാഗമായ വിദര്‍ഭ മത്സരിക്കുന്നതുകൊണ്ടാകാം ആതിഥേയരെ പ്രോത്സാഹിപ്പിക്കാനും ആളുകള്‍ കുറവ്. കളിക്കാരുടെ ഉറ്റബന്ധുക്കളില്‍ ചിലര്‍ സ്റ്റേഡിയത്തിന്റെ ഒരു കോണിലിരുന്ന് അലറി വിളിക്കുന്നുണ്ടെങ്കിലും കളിക്കാര്‍ സ്വയം പ്രോത്സാഹിപ്പിച്ചാണ് മത്സരം കടുപ്പിക്കുന്നത്.