നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ വിദർഭയുടെ 379 റൺസിനെതിരെ ബാറ്റ് ചെയ്ത കേരളം 342 റൺസിന് പുറത്ത്. ഇതോടെ വിദർഭ ആദ്യ ഇന്നിംഗ്സിൽ 37 റൺസ് ലീഡ് നേടി.
98 റൺസുമായി നായകൻ സച്ചിൻ ബേബിയും 79 റൺസുമായി ആദിത്യ സർവാതെയും പൊരുതിയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ കേരളത്തിനായില്ല. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്ശന് നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നിഷേധിച്ചത്.
ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംന്പ്യന്മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോര്‍ 170ല്‍ നില്‍ക്കെ നാലാം വിക്കറ്റ് നഷ്ടമായി. ആദിത്യ സാര്‍വതെയാണ് മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സല്മാന് നിസാര്‍ സച്ചിൻ ബേബിക്കൊപ്പം 49 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, സ്കോർ 200 കടന്നതിനു പിന്നാലെ 21 റണ്‍സുമായി സൽമാൻ പുറത്തായി.
34 റൺസെടുത്ത മുഹമ്മദ് അസറുദ്ദീൻ ടീം സ്കോർ 278 ൽ നിൽക്കെയും പുറത്തായി. പിന്നീട് ഒത്തുച്ചേർന്ന സച്ചിൻ ബേബിയും ജലജ് സക്സേനയും പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് കേരളത്തിനെ എത്തിക്കുമെന്ന് തോന്നിച്ചു. എന്നാൽ ടീം സ്കോർ 324 ൽ നിൽക്കെ നായകൻ സച്ചിൻ ബേബി പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു.
ജലജ് സക്സേന (28), ഏദന്‍ ആപ്പിള്‍ ടോം (10) എന്നിവരുെട ശ്രമം അധികം നീണ്ടുപോയില്ല. എം ഡി നിധീഷാണ് (1) പുറത്തായ മറ്റൊരു താരം. എന്‍ ബേസില്‍ (0) പുറത്താവാതെ നിന്നു.
രഞ്ജി ട്രോഫി ഫൈനൽ: ആദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് പുറത്ത്
