തിരുവനന്തപുരം: യൂട്യൂബര്‍ സഞ്ജു കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കിയ സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ.
യൂട്യൂബറുടെ മുന്‍ വീഡിയോകള്‍ പരിശോധിക്കുമെന്നും വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പണമുള്ളവന് കാറില്‍ സ്വിമ്മിംഗ് പൂള് പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിംഗ് പൂള് പണിയണം. ഭ്രാന്തന്മാര് സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്.
മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിക്കേണ്ടെന്നും പഴയ കാലമല്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. യൂട്യൂബര്‍ സഞ്ജു ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിംഗ് പൂള് ഉണ്ടാക്കി യാത്ര ചെയ്തതാണ് വിവാദമായത്.
കാര്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന് റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനുമെതിരേ നടപടി സ്വകരിച്ചിരുന്നു. കൂടുതൽ നടപടികൾക്കൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്.