മംഗളൂരു: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
മംഗളൂരു കുമ്പള ചേതന്നഗറില് താമസിച്ചിരുന്ന എറണാകുളം സ്വദേശിനി ഷൈമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് റെന്സണ് എന്ന ജോസഫ് ഫ്രാന്‍സിസി(54)നെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 11 നാണ് ഷൈമയെ റെന്സണ് തന്നെ ദേര്‍ലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കുടുംബവഴക്കിനിടയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ആശുപത്രി അധികൃതരോടും പോലീസിനോടും ഇയാള്‍ പറഞ്ഞത്.
അന്ന് രാത്രിയോടെതന്നെ ഷൈമയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്, കൊച്ചിയില്‍ നിന്നെത്തിയ ബന്ധുക്കളാണ് മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.
ഷൈമ മരിച്ചത് അടിയേറ്റ്
വിഷം അകത്തുചെന്നിട്ടില്ലെന്നും തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമായതെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത്.
ഇതേത്തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം റെന്സണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
കുടുംബവഴക്കിനിടയില്‍ തന്റെ അടിയേറ്റാണ് ഷൈമ ബോധരഹിതയായതെന്ന് റെന്സണ് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇവരുടെ കുടുംബം വര്‍ഷങ്ങളായി ചേതന്നഗറിലാണ് താമസം. പെട്രോള്‍പമ്പുകളുടെ നിര്‍മാണജോലി ചെയ്യുന്ന റെന്സണ് മദ്യപാനശീലത്തിന് അടിമയായിരുന്നു.
ഇടയ്ക്കിടെ ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ഷൈമയെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിലേക്കു പോകാറുള്ള റെന്സണ് ദിവസങ്ങളോളം വീട്ടില്‍നിന്നും വിട്ടുനില്‍ക്കുന്നതും പതിവായിരുന്നു.
ഷൈമ മക്കളായ ഫ്രാന്സണിനും ഫിജിനുമൊപ്പമാണ് മംഗളൂരുവിലെ വീട്ടില്‍ താമസിച്ചിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ റെന്സണിനെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി.