പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചിരുന്ന സുശീൽ ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപദേശക സമിതി രൂപീകരിച്ചു. വിവിധ മേഖലയിൽ നിന്നുള്ള 41 പേരടങ്ങുന്നതാണ് ഉപദേശക സമിതി.
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ പ്രഫഷണലുകളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഡയറക്ടർ ബോർഡ് രൂപീകരിച്ചിരുന്നു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കെഎസ് ആർടിസി ജീവനക്കാരുമടങ്ങുന്ന ഡയറക്ടർ ബോർഡായിരുന്നു അടുത്ത കാലം വരെ കെ എസ്ആർടിസിയെ ഭരിച്ചു കൊണ്ടിരുന്നത്.
ഈ ഭരണ സംവിധാനത്തിന് മാറ്റം വരുത്തിയാണ് സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം ഡയറക്ടർ ബോർഡും ഇപ്പോൾ അഡ്വൈസറി ബോർഡും രൂപീകരിച്ചത്.
അഡ്വൈസറി ബോർഡിൽ 21 പേർ കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും 7 പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളുമാണ്.
ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത 4 പേരും മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പോലീസ് വകുപ്പ് എന്നിവയിൽ നിന്നായി 4 പേരും 5 കെഎസ്ആർടിസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും അടങ്ങയിതാണ് അഡ്വൈസറി ബോർഡ്.
കൂടുതൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രതിനിധികളുടെ വിവരം നൽകുന്ന മുറയ്ക്ക് അവരെ കൂടി ഉപദേശക സമിതിയിൽ ഉൾപ്പെടുത്തുമെന്ന് സിഎംഡിയുടെ ഓഫീസ് അറിയിച്ചു.