കോട്ടയം: കാർ വാടകയ്ക്കെടുത്ത് മറിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതിന് പോലീസിന് തെളിവു ലഭിച്ചു.മൂന്നുപേരെ ഇന്നലെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കോട്ടയം കേന്ദ്രമാക്കി നടത്തുന്ന തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കോട്ടയം പൂവന്തുരുത്ത് മാങ്ങാപറന്പിൽ ജെസ്റ്റിൻ വർഗീസ് (25), മലപ്പുറം മേലാറ്റൂർ ചാലിയതോടിയ അഹമ്മദ് ഈർഷാനുൾ ഫാരീസ് (21), തൃശൂർ കൂർക്കണ്ടശേരി കൊട്ടാരത്തിൽ ദിലീപ്കുമാർ (24), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ നടത്തിയ 20 കാറുകളുടെ തട്ടിപ്പ് ഇതിനകം പുറത്തുവന്നു. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് . വിലകൂടിയ കാറുകൾ വാടകയ്ക്കടുത്തശേഷം മറിച്ചു വില്ക്കുകയാണ് സംഘം ചെയ്തിരുന്നത്. കോട്ടയത്തുനിന്ന് കാർ കാണാതായതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് ജെസ്റ്റിനെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റു രണ്ടു പേരെയും പോലീസ് പിടികൂടിയത്. കാറുകൾ കാണാതായതുമായി ബന്ധപ്പെട്ടു പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാടകയ്ക്കെടുത്ത മൂന്നു കാറുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കോട്ടയത്തും സമീപ പ്രദേശങ്ങളിൽ നിന്നും ജെസ്റ്റിൻ വാടകയ്ക്കെടുക്കുന്ന കാറുകൾ തൃശൂരിലുള്ള അഹമ്മദ്, ദിലീപ്കുമാർ എന്നിവരുടെ ഓഫീസിൽ എത്തിച്ചശേഷം അവിടെ നിന്നും മറ്റുള്ളവർക്കു വാടകയ്ക്ക് നല്കുകയോ മറിച്ചു വില്ക്കുകയോ പണയം വയ്ക്കുകയോ ആണ് ചെയ്യുന്നത്. 20 ലക്ഷം രൂപവരെ വിലയുള്ള കാറുകൾ രണ്ടു ലക്ഷം രൂപയ്ക്കുമാണു സംഘം വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടതിന് തെളിവ് ലഭിച്ചത്. നിലവിൽ 20 വാഹനങ്ങളോളം സംഘം വാടകയ്ക്കെടുത്ത് വില്പന നടത്തിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലധികം വാഹനങ്ങൾ ഇവർ വിൽപന നടത്തിയതായി സംശയിക്കുന്നു.
സംഘം വില്പന നടത്തിയ മറ്റു വാഹനങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, കോട്ടയം ഈസ്റ്റ് സിഐ നിർമൽ ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.