പത്തനംതിട്ട: വാഹനം കരാര്‍ വ്യവസ്ഥയില്‍ കൈക്കലാക്കിയശേഷം മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായവര്‍ക്കു പിന്നില്‍ വന്‍സംഘമെന്നു സൂചന.
കോഴിക്കോട് കൊടുവള്ളി മണിപ്പുറം, ഉണ്ണാറാച്ഛന്‍ വീട്ടില്‍ അബൂബക്കര്‍(55), കോഴിക്കോട് കൊടുവള്ളി കോയിപ്പുറം വീട്ടില്‍ നസീര്‍ (43) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.
വെച്ചൂച്ചിറ ലണ്ടന്‍ പടി തോമ്പിക്കണ്ടം മരുതിപ്പറമ്പില്‍ വീട്ടില്‍ സോനു ദിനേഷിന്റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്ലാന്‍ഡ് ഇനത്തില്‍പ്പെട്ട ചരക്കുവാഹനം 2017 ജൂലൈയില്‍ വാടകയ്ക്കെടുത്തശേഷം മറിച്ചുവിറ്റ് തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്.
എട്ട് മാസക്കാലയളവിലേക്ക് കിലോമീറ്ററിന് 30 രൂപ നിരക്കില്സംഘം വാഹനം വാടകയ്ക്കെടുത്തത്. രണ്ട് തവണകളിലായി വാടകയിനത്തില്‍ 30000 രൂപ മാത്രമാണ് ഉടമസ്ഥന് നല്‍കിയത്.
കരാര്‍ അനുസരിച്ചുള്ള ബാക്കിത്തുകയും വാഹനവും ഉടമസ്ഥന് തിരിച്ചുനല്‍കാതെ മേട്ടുപ്പാളയത്തുള്ള റിയാസ് എന്നയാള്‍ക്ക് മറിച്ചുവിറ്റതായാണ് കേസ്. വയനാട് തിരുനെല്ലി സ്വദേശിയായ അനീഷാണ് വാടക കരാര്‍ ഒപ്പിട്ടത്.
ഇയാള്‍ സോനുവില്നിന്ന് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ തരപ്പെടുത്തിയശേഷം, അബൂബക്കറിനും നസീറിനും കൈമാറുകയായിരുന്നു. രണ്ടര ലക്ഷം രൂപക്ക് ഇവര്‍ വാങ്ങിയശേഷം റിയാസിന് മൂന്നു ലക്ഷത്തിനു മരിച്ചുവിറ്റു എന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
റിയാസ് ഇത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങി പൊളിച്ചോ മറിച്ചോ വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇയാളെയും ഒളിവില്‍ പോയ ഒന്നാം പ്രതി അനീഷിനെയും പിടികൂടുന്നതിനു തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. നസീറും അബൂബക്കറും ഈ റാക്കറ്റിലെ കണ്ണികള്‍ മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇതേപോലെ എട്ടിലധികം വണ്ടികള്‍ മേട്ടുപ്പാളയത്ത് റാക്കറ്റിന് പൊളിച്ചുവില്ക്കാന് കൈമാറിയതായി ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ സമ്മതിച്ചു.
അനീഷിന്റെ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചതിനെത്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
പത്തനംതിട്ട സൈബര്‍ സെല്ലിന്റെ സഹായത്തോടെ അബൂബക്കറിനെ വൈത്തിരിയില്‍ നിന്നും നസീറിനെ മലപ്പുറം പടിക്കല്നിന്നുമാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.
വയനാട് ജില്ലാ പോലീസ് സ്ക്വാഡിന്റെ സഹായവും ലഭ്യമായിരുന്നു. വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ രാജഗോപാലും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
പിടിയിലായവര്‍ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സമാനമായ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, നസീര്‍ കുറ്റ്യാടി സ്റ്റേഷനിലെ ഇത്തരമൊരു കേസിലും പ്രതിയാണ്.
സംസ്ഥാനത്തിന് അകത്തും പുറത്തും വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് വെച്ചൂച്ചിറ പോലീസ് കണ്ടെത്തിയിട്ടുണ്ട്.