കൊല്ലം : ക്വട്ടേഷൻ സംഘങ്ങൾക്ക് പ്രിയം റെന്റ് എ കാർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന വാടക കാറുകൾതന്നെ . കൊലപാതങ്ങൾക്ക് ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന കാറുകൾ വാടകക്ക് എടുക്കുന്നതാണെന്ന് കണ്ടെത്തി . റെൻറ് എ കാറിന് കർശനമായ നിയന്ത്രണങ്ങൾ പോലീസ് കൊണ്ടുവന്നിരുന്നു.
കാർ വാടകക്ക് എടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധ മായി വാങ്ങി സൂക്ഷിക്കാൻ നൽകുന്നവർക്ക് പോലീസ് നിർദേശം നൽകിയിരുന്നു. മൈലക്കാട് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ കൊലയാളികൾ ഉപയോഗിച്ചിരുന്നു കാർ വാടകക്ക് എടുത്തതാണെന്ന വിവരം ലഭിച്ചതോടെയാണ് പോലീസ് ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തത്.
ജില്ലയിൽ വാഹനങ്ങൾ വാടകക്ക് നൽകുന്നവരെ കണ്ടെത്തി നിയന്ത്രിച്ചിരുന്നു.എന്നാൽ വീണ്ടും റെന്റ് എകാർ കൂടുതൽ ശക്തമാവുകയും വാഹനങ്ങൾ വാടകക്ക് നൽകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഇപ്പോൾ ഒരു നിയന്ത്രണവും ഇല്ലാതെ വാഹനങ്ങൾ വാടകക്ക് നൽകുകയാണ്.
ജില്ലയിൽ നടന്ന മിക്ക കൊലപാതകങ്ങളിലും സംഘമെത്തിയിരുന്നത് വാടക കാറിലാണെന്ന് വ്യക്തമായി. കൊല നടത്തിയശേഷം വാഹനം ഉപേക്ഷിച്ച് മുങ്ങുന്നതാണ് രീതി. അന്വേഷണത്തിലാണ് വാഹനം വാടകയ്ക്ക് എടുതതാണെന്ന് തെളിയുന്നത്.
കഴിഞ്ഞ ദിവസം നടന്ന രഞ്ജിത്ത് ജോൺസൺ വധക്കേസിലും കൊലയ്ക്കു ശേഷം പ്രതികൾ സഞ്ചരിച്ച കാർ വാടകയ്ക്കെടുത്തതാണെന്ന് പോലീസ് കണ്ടെത്തി. മയ്യനാട് പുല്ലിച്ചിറ ഭാഗത്തുളളയാളിന്റെ കാറാണിത്. പ്രതികൾ കൊലപാതകത്തിനു ശേഷം ഓഗസ്റ്റിൽ നാട്ടിൽ തിരിച്ചെത്തുകയും പിന്നീട് കാർ വാടകയ്ക്ക് എടുക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ഈ കാറിലാണ് മയ്യനാട് ഒളിവിൽ താമസിച്ച സ്ഥലത്ത് പ്രതികൾ വന്നു പോയതെന്ന് പോലീസ് സംശിക്കുന്നു. പ്രതികൾക്കു കാർ വാടകയ്ക്കു നൽകിയ ആളെയും പോലീസ് ചോദ്യം ചെയ്തു. കിളിമാനുർ റേഡിയോ ജോക്കിയുടെ കൊലപാതകത്തിനും പ്രതികൾ ഉപയോഗിച്ചിരുന്നത് വാടകയ്ക്കു എടുത്ത വാഹനം ആയിരുന്നു.
ജില്ലയിൽ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളുടെ കൃത്യങ്ങൾക്കും കൊലപാതകികളുടെസുഖകരമായ യാത്രകൾക്കും രക്ഷപ്പെടാൻ റെന്റ് എ കാർ എന്ന വാഹനങ്ങൾ വാടകക്ക് നൽകുന്ന സംഘങ്ങൾ വർദ്ധിച്ചിട്ടും ഇവർക്ക് എതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നതായാണ് പരാതി. ജില്ലയിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുളള വാഹനങ്ങൾ വാടകക്ക് നൽകുന്നവരുടെ എണ്ണം ഒരു നിയന്ത്രണവും ഇല്ലാതെ വാർധിച്ചുവരികയാണ് .