കട്ടപ്പന: ഒരു ബസ് കണ്ടക്ടറുടെ മകളാണ് താനെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞ ഡോ. രേണുരാജിന്റെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാനാകുമോ എംഎൽഎയുടെ വിരട്ടലുകൾക്ക്.നിയമം നടപ്പാക്കാൻ തുനിഞ്ഞ തന്നെ എംഎൽഎ പരസ്യമായി അധിക്ഷേപിച്ചെങ്കിലും അതിലൊന്നും തെല്ലും കുലുക്കമില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ കോട്ടയംകാരി.
എന്നു മാത്രമല്ല, എംഎൽഎയുടെ വീടിനു സമീപം അനധികൃതമായി നികത്തിയ സ്ഥലം നേരിട്ടെത്തി പരിശോധന നടത്താനും മടിച്ചില്ല. പ്രായോഗിക ബുദ്ധി ഇല്ലെന്നു എംഎൽഎ പരിഹസിച്ച രേണു ഡോക്ടർ കുപ്പായം അഴിച്ചുവച്ചാണ് സിവിൽ സർവീസിൽ എത്തിയത്. അതും രണ്ടാം റാങ്കോടെ സിവിൽ സർവീസിൽ വെന്നിക്കൊടി പാറിച്ച്.
മൂന്നാർ പഞ്ചായത്ത് അനധികൃതമായി കെട്ടിടം നിർമിക്കുന്നതു നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയതിന്റെ പേരിൽ നിയമസഭാംഗത്തിന്റെ ശകാരവും ആക്ഷേപവും കേൾക്കേണ്ടി വന്നെങ്കിലും നിയമത്തിന്റെ വഴിക്കുതന്നെ നീങ്ങാനാണ് രേണുരാജിന്റെ തീരുമാനം.
കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായ ശേഷമായിരുന്നു സിവിൽ സർവീസിലേക്കുള്ള രേണുവിന്റെ യാത്ര. തൃശൂർ അസിസ്റ്റന്റ് കളക്ടറായായിരുന്നു ഒൗദ്യോഗിക ജീവിതത്തിന്റെ തുടക്കം. രണ്ടു മാസം മുന്പാണ് ദേവികുളം സബ് കളക്ടറായി ചുമതലയേറ്റത്.