തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ രേണു രാജിനെ വിമർശിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എം ഗോപകുമാറാണ് കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഐഎഎസ് ബ്യൂറോക്രാറ്റുകളുടെ മഹത്വം വിളമ്പി വരരുത്.
ഒരുപാട് പറഞ്ഞു പോകും. ഒരുപാട് കൊട്ടിഘോഷിക്കപ്പെടുന്ന ഇനങ്ങളുടെത് അടക്കം പലതും പറയാൻ ഉണ്ടെന്ന തരത്തിലാണ് പോസ്റ്റ്. അഖിലേന്ത്യാ സർവീസ് ബ്യൂറോക്രാറ്റുകളുടെ കൊച്ചുമകളാണ് രേണുരാജെന്നാണ് വിമർശനം മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ മേഖലകളിൽ നിർമ്മാണനിയന്ത്രണം അനിവാര്യമാണെന്നത് തർക്കരഹിതമാണ്. അവിടെ എത്തുന്ന മുഴുവൻ വിനോദയാത്രികർക്കും അവിടെത്തന്നെ താമസം, അവിടെത്തന്നെ സകലമാന സൌകര്യങ്ങളും എന്നത് ടൂറിസത്തിന്റെ തന്നെ നിലനിൽപ്പിനെ തകർത്തുകളയും.
ഈ സമീപനമാണ് കായലിലും കാട്ടിലുമെല്ലാം വേണ്ടത്. വന്നു കണ്ട്, ആസ്വദിച്ച് സൗകര്യമുള്ള സ്ഥലത്തേയ്ക്ക് പോവുക. ഇതാണ് വേണ്ടത്. പക്ഷ ഈ സമീപനം കൂടുതൽ കൂടുതൽ ബ്യൂറോക്രാറ്റിക് കാർക്കശ്യം കൊണ്ട് നടപ്പാക്കാവുന്നതാണോ- ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.മലയോരത്തെ മനുഷ്യർ ഫോറസ്റ്റ് ബ്യൂറോക്രസിയിൽ നിന്നും അനുഭവിച്ചുകൂട്ടിയ ദുരിതത്തിന്റെ പ്രതികരണമാണ് ഇത്.
ഈ ബ്യൂറോക്രസിക്ക് തങ്ങളുടെ ജീവിതം വീണ്ടും തീറെഴുതാൻ പോകുന്നൂവെന്ന് തോന്നിയാൽ ഈ സാധാരണ മനുഷ്യർക്ക് പിന്നെ ഒരു പരിസ്ഥിതി സംരക്ഷണവും ബാധകമാകില്ല. അത്രമേൽ ഭീതിദതമാണ് ആ ജനത അനുഭവിച്ചുകൂട്ടുന്ന ബ്യൂറോക്രാറ്റിക് കെടുതികളെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
ഏകപക്ഷീയമായ ബ്യൂറോക്രാറ്റിക് പരിസ്ഥിതി മേഖലാവൽക്കരണങ്ങളിലേയ്ക്കും നിയന്ത്രണങ്ങളിലേയ്ക്കും തങ്ങളുടെ ജീവിതം എടുത്ത് എറിയപ്പെടാൻ പോകുന്നൂവെന്ന ചിന്തയാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ മലയോര ജനത അണിനിരക്കുന്നതിന്റെ അടിസ്ഥാന കാരണമെന്ന് മനസിലാക്കണം.
ജോയിസ് ജോർജ്ജ്, രാജേന്ദ്രൻ എന്നൊക്കെ ആവർത്തിച്ചുകൊണ്ടിരുന്നാൽ കാര്യമില്ല. ഇവരൊക്കെ ഒന്നാം ക്ലാസ് ആണെന്നൊന്നും അഭിപ്രായമില്ലെന്നും ഗോപകുമാർ പറയുന്നു. മലയോരത്താകെ നടന്ന ഈ ബ്യൂറോക്രാറ്റിക് നിയന്ത്രണത്തെ കൂടുതൽ കാർക്കശ്യത്തോടെ ഇടപെടുത്തി ഭൂമി സംരക്ഷിച്ചുകളയാമെന്ന മൗഢ്യമാണ് വേണുരാജിലും വെങ്കിട്ടരാമനിലുമൊക്കെ അവസാന ആശ്രയം കണ്ടെത്തുന്ന പരിസ്ഥിതിവാദികളുടേതെന്നും ജനപ്രതിനിധികൾ ജനങ്ങളുടെ വികാരത്തെ മാനിക്കാതെ രേണുരാജിന്റെ കാർക്കശ്യം കാണിക്കുമെന്ന് കരുതുന്നതിൽപ്പരം പമ്പരവിഡ്ഢിത്തം വേറെ എന്തുണ്ട്.
ആരോടും ഒന്നിനോടും ഒരുതരത്തിലുമുള്ള അക്കൌണ്ടബിലിറ്റിയും ഇല്ലായെന്ന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ അഖിലേന്ത്യാ സർവ്വീസ് ബ്യൂറോക്രാറ്റുകൾ. അതിന്റെ കൊച്ചുമകളാണ് രേണുരാജ്. തുടക്കത്തിൽ ചൂണ്ടിക്കാണിച്ച ഒരു അടിസ്ഥാന പരിഗണനയും ഈ ബ്യൂറോക്രാറ്റുകൾക്ക് ബാധകമല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് കുറ്റപ്പെടുത്തുന്നു.