മൂന്നാർ: ദേവികുളം മുൻ അഡീഷണൽ തഹസിൽദാർ രവീന്ദ്രനെതിരെ മൂന്നാർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വംശീയസ്പർധയും കലാപവും സൃഷ്ടിക്കുന്ന തരത്തിൽ രവീന്ദ്രൻ പ്രസ്താവനകൾ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു മൂന്നാർ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രവീന്ദ്രന്റെ വിവാദ പരാമർശം.
രവീന്ദ്രൻ ഒപ്പിട്ട നാല് പട്ടയങ്ങൾ മുൻദേവികുളം സബ് കളക്ടർ രേണു രാജ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് രവീന്ദ്രൻ വാർത്താസമ്മേളനം വിളിച്ചത്. ഇടുക്കി കെഡിഎച്ച് വില്ലേജിലെ ചിന്നത്ത, മുത്തു, അളകർ സ്വാമി, സുജ എന്നീ തമിഴ് വംശജരുടെ പട്ടയങ്ങളാണു റദ്ദാക്കിയത്. പട്ടയം ലഭിച്ചവരുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് റദ്ദാക്കൽ.
ദേവികുളത്തുനിന്ന് സ്ഥലംമാറിപ്പോകുന്നതിനു തൊട്ടുമുന്പാണു വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി രേണുരാജ് ഉത്തരവിറക്കിയത്. ഹൈക്കോടതി നിർദേശപ്രകാരം പരിശോധനകൾക്കുശേഷമായിരുന്നു നടപടി. നാലു പട്ടയനന്പറിലെ രണ്ടര ഏക്കർ ഭൂമി ഏറ്റെടുക്കാൻ തഹസിൽദാർക്കു നിർദേശവും നൽകി.