തിരുവനന്തപുരം: മൂന്നാർ അനധികൃത കൈയേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ ദേവികുളം സബ് കളക്ടർ രേണു രാജിനു പൂർണപിന്തുണയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിനു കീഴിൽ ഉദ്യോഗസഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ എല്ലാ സാഹചര്യവും ഒരുക്കും. അനധികൃത നിർമാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. ദേവികുളം സബ് കളക്ടർ രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണ്. മൂന്നാറിൽ എംഎൽഎ സബ് കളക്ടറെ അധിക്ഷേപിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്- മന്ത്രി പറഞ്ഞു.
സബ് കളക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രനെതിരേ പാർട്ടി ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. എംഎൽഎയോടു വിശദീകരണം തേടുമെന്നും തെറ്റായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ ഒറ്റപ്പെട്ടതോടെ പരാമർശത്തിൽ എംഎൽഎ ഖേദം പ്രകടിപ്പിച്ചു. സബ് കളക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നും അവൾ എന്നത് അത്ര മോശം മലയാളം വാക്കല്ലെന്നുമായിരുന്നു എംഎൽഎയുടെ വിശദീകരണം. തന്റെ സംസാരം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നെന്നു പറഞ്ഞ എസ്. രാജേന്ദ്രൻ, എംഎൽഎ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു.
മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രൻ എംഎൽഎ തടയുകയും മോശം പരാമർശം നടത്തുകയുമായിരുന്നു.
പഞ്ചായത്തിന്റെ നിർമാണങ്ങൾ തടയാൻ സബ് കളക്ടർക്ക് അധികാരമില്ലെന്നു പറഞ്ഞായിരുന്നു എംഎൽഎ രേണു രാജിനെ അവഹേളിച്ചത്. അവൾ ഇതെല്ലാം വായിച്ച് പഠിക്കണ്ടേ, അവള് ബുദ്ധിയില്ലാത്തവള്… കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. എന്നിങ്ങനെ പോയി എംഎൽഎയുടെ അധിക്ഷേപ പരാമർശങ്ങൾ.