സിദ്ധാർഥ് ഭരതനും ജിഷ്ണുവും നായകന്മാരായി അഭിനയിച്ച നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് രേണുക മേനോൻ. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2006ൽ പുറത്തിറങ്ങിയ, സുരേഷ് ഗോപി നായകനായ പതാക എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി രേണുകയുടേതായി പുറത്തിറങ്ങിയത്.
അതേ വർഷം തന്നെ വിവാഹിതയായി അമേരിക്കയിലേക്കു പോയ രേണുക പിന്നീട് അഭിനയരംഗത്തേക്കെത്തിയില്ല. ഇപ്പോൾ കലിഫോർണിയയിൽ രേണുക ഒരു ഡാൻസ് സ്കൂൾ നടത്തുകയാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രേണുക തന്റെ വിശേഷങ്ങൾ പങ്കു വച്ചത്.
തന്റെ താമസസ്ഥലത്ത് ഇന്ത്യക്കാർ ധാരാളമുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാ ഭാരതീയ ആഘോഷങ്ങളും തങ്ങൾ നടത്താറുണ്ടെന്നും രേണുക പറയുന്നു. നൃത്തം വളരെ ഇഷ്ടമായതുകൊണ്ടാണ് ഡാൻസ് സ്കൂൾ നടത്തുന്നത്. എന്നാൽ തന്റെ ഡാൻസ് സ്കൂൾ ഒരു വന്പൻ സംരംഭം ഒന്നുമല്ലെന്നും രേണുക പറയുന്നു.
അമേരിക്കയിൽ മേക്കപ്പ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിട്ടുള്ളതിനാൽ പല പ്രോഗ്രാമുകൾക്കും സുഹൃത്തുക്കൾക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ടെന്നും രേണുക പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ സൂരജ് ആണ് രേണുകയുടെ ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്.