തിരുവനന്തപുരം: ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിന് എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കെതിരേകേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ത്രീകൾക്കെതിരേ മോശം വാക്കുകൾ ഉപയോഗിച്ച് ആരു സംസാരിച്ചാലും നടപടിയെടുക്കേണ്ടതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്. സ്ത്രീകളോട് ഉപയോഗിക്കുന്ന ഭാഷ നിലവാരമുളളതായിരിക്കണം.
അവൾ, ഇവൾ, എടീ, പോടീ തുടങ്ങിയ പദപ്രയോഗങ്ങൾ സ്ത്രീകൾക്കെതിരേ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല. പ്രത്യേകിച്ചും ഒരു ജനപ്രതിനിധി ഉന്നത സ്ഥാനത്തിരിക്കുന്ന വിദ്യാസന്പന്നയായ സ്ത്രീക്കെതിരേ ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ വനിതാ കമ്മീഷൻ ഗൗരവമായെടുക്കും.
അതാണ് വനിതാ കമ്മീഷന്റെ രീതി. സ്ത്രീകളെ അപമാനിച്ചാൽ, അവരുടെ മനസിനെ മുറിപ്പെടുത്തിയാൽ വലിയവളെന്നോ ചെറിയവളെന്നോ ഭേദമില്ലാതെ അതിനെതിരേ പരാതിപ്പെടാനുളള അവകാശം സ്ത്രീകൾക്കുണ്ട്. അതാർക്കും നിഷേധിക്കാനാവില്ല.
അതിനാൽ, അത്തരം കാര്യങ്ങളിലേക്കുപോകാതിരിക്കുകയെന്നതാണ് സമൂഹത്തിന്റെ മാന്യത. എംഎൽഎക്കെതിരേയുള്ളകേസിൽ വനിതാ കമ്മീഷൻ മുഖം നോക്കാതെ നടപടിക്രമങ്ങൾ പാലിക്കുമെന്നും എം.സി. ജോസഫൈൻ വിശദീകരിച്ചു.