കേരളത്തിലെ ചുണക്കുട്ടികളായ ഐഎഎസുകാരുടെ കര്‍ശന നടപടികളുടെ ലിസ്റ്റിലേക്ക് മറ്റൊന്നുകൂടി. സര്‍ക്കാര്‍ ഭൂമി കയ്യേറി ടെന്റുകളടിച്ച് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വന്നിരുന്ന കേന്ദ്രത്തിനെതിരെ ദേവികുളം സബ്ബ് കളക്ടറുടേതാണ് കനത്ത നടപടി.
സര്‍ക്കാര്‍ തരിശ് ഭൂമി കയ്യേറി ടെന്റുകള്‍ കെട്ടി രാത്രി കാലങ്ങളില്‍ ഡിജെ പാര്‍ട്ടികളും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായുള്ള രഹസ്യ വിവത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ഷെഡ്ഡുകളും ടെന്റുകളും ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു.
പള്ളിവാസല്‍ കല്ലാറില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെ മലമുകളില്‍ മൂലേപ്പള്ളി എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ‘ടെന്റ്’ കേന്ദ്രമാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് കേന്ദ്രം ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയത്. രണ്ട് വലിയ താല്‍ക്കാലിക ഷെഡ്ഡുകളും വിദേശ നിര്‍മ്മിതമായ എട്ട് ടെന്റുകളുമാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. സൗരോര്‍ജ്ജ വിളക്കുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ എത്തുന്നവര്‍ക്ക് മദ്യവും ലഹരി മരുന്നുകളും വിതരണം ചെയ്തിരുന്നതായും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും നാട്ടുകാര്‍ പരാതി പെട്ടിരുന്നു.