കഴിവും പ്രാപ്തിയും ചങ്കൂറ്റവുമുള്ള ഏതാനും യുവ കളക്ടര്‍മാരാണ് ഇന്ന് കേരളത്തിന്റെ കരുത്ത്. രാഷ്ട്രീയ നേതാക്കളുടെ ഭീഷണിയോ തോന്ന്യവാസമോ ഒന്നും അവരുടെ അടുത്ത് വിലപ്പോവില്ല. മാത്രവുമല്ല, വേണമെങ്കില്‍ അവരെ നിയമം പഠിപ്പിക്കാനും ഈ കളക്ടര്‍മാര്‍ റെഡിയാണ്. അതിന് നിരവധി ഉദാഹരണങ്ങള്‍ അടുത്ത കാലത്തുപോലും കേരളം കാണുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ ദേവികുളം സബ്കളക്ടര്‍ രേണുരാജാണ് നിയമം നടപ്പിലാക്കിയ തന്നെ ഭീഷണിപ്പെടുത്തിയ രാഷ്ട്രീയ നേതാക്കളെ വിറപ്പിച്ചത്. പലപ്പോഴും ഇത്തരം വ്യക്തികളുടെ നിശ്ചയദാര്‍ഢ്യത്തോടെ പതറാതെയുള്ള പ്രവര്‍ത്തികള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്കുപോലും മാതൃകയാണ്. ഇത്തരത്തില്‍, നീതിയ്ക്കുവേണ്ടി പതറാതെ പോരാടാനുള്ള ഊര്‍ജവും ധീരതയും എങ്ങനെയാണ് ലഭിക്കുന്നത് എന്ന രേണുരാജ് ഐഎഎസിന്റെ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രേണുരാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രേണുരാജിന്റെ വാക്കുകളിങ്ങനെ…
ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വ്യക്തിപരമായി കാണരുത്. അപ്പോള്‍ തകര്‍ന്നുപോകും. അത് സ്ത്രീയായാലും പുരുഷനായാലും. ഒരു സ്ത്രീ അധികാരമുള്ള കസേരയിലിരിക്കുമ്പോള്‍ അതൊരു വലിയ വെല്ലുവിളിയും ഒപ്പം വലിയ അവസരവുമാണ്. ഒരു പെണ്ണായതു കൊണ്ടു താഴ്ത്തിക്കെട്ടേണ്ടതില്ലെന്നു തെളിയിക്കാനുള്ള അധികബാധ്യത സ്ത്രീകളുടെ മേലുണ്ട്.
ഒരാള്‍ നിങ്ങളോട് മോശമായി പെരുമാറുന്നത് ഒരിക്കലും നിങ്ങളുടെ തെറ്റല്ല. അതൊരു അപമാനമായി കാണേണ്ട ആവശ്യവുമില്ല. നിങ്ങളെ തൊട്ടവനെ ഒരു തരത്തിലും വെറുതെ വിടരുത് . ആ കാര്യത്തിലാണ് നിങ്ങള്‍ക്കു വാശി വേണ്ടത്. അല്ലാതെ എനിക്കൊരു അപമാനം പറ്റിയെന്നു പറഞ്ഞ് തലകുനിച്ചിരിക്കുകയല്ല വേണ്ടത്. സമൂഹത്തില്‍ ബഹുഭൂരിപക്ഷവും നല്ല മനസുള്ള ആളുകള്‍ തന്നെയാണുള്ളത്. കരച്ചില് വന്നാല്‍ കരയുക തന്നെ ചെയ്യണം. കരഞ്ഞ് ഇരുന്ന് പോകരുത്. അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം.