മൂന്നാര്‍: ദേവികുളത്തിന്റെ പുതിയ സബ്കളക്ടറായി ഡോ.രേണുരാജ് ഐഎഎസ് എത്തുമ്പോള്‍ മുന്‍ഗാമികളുടെ വിധി രേണുവിനെയും കാത്തിരിക്കുന്നതെന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14 സബ്കളക്ടര്‍മാരാണ് ദേവികുളത്ത് ചുമതല നിര്‍വഹിച്ചത്. രാഷ്ട്രീയകളികളെത്തുടര്‍ന്ന് കസേര തെറിച്ച വി ആര്‍ പ്രേംകുമാറിന്റെ പിന്‍ഗാമിയായാണ് തൃശൂര്‍ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ.രേണു രാജ് എത്തുന്നത്.
സബ് കളക്ടര്‍മാരെ വാഴിക്കാത്ത ഇടമായാണ് ദേവികുളം അറിയപ്പെടുന്നത് 2010 മുതല്‍ ഇന്നു വരെയുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ അഞ്ചു ദിവസം മുതല്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് പല കളക്ടര്‍മാരും ജോലി ചെയ്തിട്ടുള്ളത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തെറിച്ചില്ലെങ്കില്‍ അതു മഹാഭാഗ്യം. അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ സ്ഥലം മാറ്റി നിശബ്ദരാക്കുന്ന രാഷ്ട്രീയതന്ത്രമാണ് ഇവിടേയും പ്രയോഗിക്കുന്നത്. ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും വ്യാപകമായ മൂന്നാറില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്താല്‍ അധികം താമസമില്ലാതെ കസേര തെറിക്കുന്ന അവസ്ഥയാണ് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്.
രാഷ്ട്രീയക്കാരോട് കൊമ്പു കോര്‍ക്കേണ്ടി വന്നതിന്റെ പേരില്‍ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂണ്‍ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടര്‍ന്ന് എം ജി രാജമാണിക്യത്തിന് ചാര്‍ജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വര്‍ഷം സബ് കളക്ടറായി ജോലി നോക്കി. എന്നാല്‍ 2012 ഏപ്രില്‍ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോള്‍ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യര്‍ എത്തി. തുടര്‍ന്ന് എസ്. വെങ്കിടേശപതി, കെ.എന്‍. രവീന്ദ്രന്‍, മധു ഗംഗാധര്‍, ഇ.സി. സ്‌കറിയ, ഡി. രാജന്‍ സഹായ്, ജി.ആര്‍. ഗോകുല്‍, എസ്. രാജീവ്, സാബിന്‍ സമീദ്, എന്‍.ടി.എല്‍. റെഡ്ഡി, ശ്രീറാം വെങ്കട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍ എന്നിവരാണു സബ് കളക്ടര്‍മാരായി ചുമതലയേറ്റത്.
വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടര്‍ പദവിയിരുന്നത് ഇ സി സ്‌കറിയ ആണ്. ഒരു വര്‍ഷവും രണ്ടു മാസവും സബ് കളക്ടറായി ജി ആര്‍ ഗോകുല്‍ സേവനമനുഷ്ഠിച്ചു. ഗോകുള്‍ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാര്‍ജെടുത്തു. എസ്. രാജീവ് രണ്ടു മാസവും, കെ.എന്‍. രവീന്ദ്രന്‍, എന്‍.ടി.എല്‍. റെഡ്ഡി എന്നിവര്‍ ഒരു മാസം വീതവും സബ് കലക്ടറായിരുന്നു. എന്നാല്‍ പിന്നീട് വന്ന ശ്രീറാം വെങ്കട്ടരാമന്‍ ചങ്കൂറ്റത്തോടെ കയ്യേറ്റക്കാരെ വിറപ്പിക്കാന്‍ തുടങ്ങിയതോടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ ശ്രീറാമിനെതിരേ പടവാളെടുത്തു. മന്ത്രി എം എം മണി, ജോയ്‌സ് ജോര്‍ജ് എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരേ നടപടി സ്വീകരിച്ചാണ് ശ്രീറാം ഏവരെയും ഞെട്ടിച്ചത്. അതിന്റെ പ്രതിഫലമായി ഉടന്‍ സ്ഥലംമാറ്റവുമെത്തി.
എംപ്ലോയ്‌മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോള്‍ 2017 ജൂലൈയില്‍ പ്രേം കുമാര്‍ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം പോയതിന്റെ ആശ്വസത്തില്‍ നിന്ന രാഷ്ട്രീയക്കാര്‍ക്ക് മേല്‍ പതിച്ച വെള്ളിടിയായിരുന്നു പ്രേംകുമാര്‍. ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ശ്രീറാം ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് പ്രേംകുമാറിനെ ഒടുവില്‍ ദേവികുളം സബ് കളക്ടര്‍ പദവിയില്‍ നിന്ന് ഇപ്പോള്‍ മാറ്റുകയും ചെയ്തു.
ഒരു വര്‍ഷവും മൂന്നുമാസവും ഭൂമാഫിയയെ കിടുകിടാ വിറപ്പിച്ച ശേഷമാണ് പ്രേംകുമാര്‍ മൂന്നാര്‍ ഇറങ്ങിയത്. ഈ സ്ഥാനത്തേക്കാണ് ഇപ്പോള്‍ തൃശൂര്‍ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ രേണുരാജിനെയാണ് നിയമിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാന്‍സില്‍ തന്നെ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി.
തൃശൂരില്‍ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് വരുന്നത്. അതേസമയം ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ് കളക്ടര്‍ എന്ന പദവിയും രേണുവിനു തന്നെ. ക്വാറി മാഫിയയ്‌ക്കെതിരേ ശക്തമായ നിലപാടുകളിലൂടെയും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു മൂന്നാറിലേക്ക് എത്തുന്നത്. ഭൂമാഫിയയുടെ കടന്നുകയറ്റം കൊണ്ടും രാഷ്ട്രീയക്കാരുടെ അവിശുദ്ധ ഇടപാടുകളും കൊണ്ട് മലീമസമായ മൂന്നാറിനെ ശുദ്ധീകരിക്കാന്‍ രേണുവിനു കഴിയുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടിയിരിക്കുന്നത്.