തിരുവനന്തപുരം: വോട്ടുകളിൽ വ്യത്യാസം കണ്ടെത്തിയ കളമശേരിയിലെ 83-ാം നന്പർ ബൂത്തിൽ 30-ന് റീപോളിംഗ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
83-ാം നന്പർ ബൂത്തിൽ യഥാർഥ വോട്ടുകളിൽനിന്ന് വ്യത്യസ്തമായി വോട്ടിംഗ് അവസാനിച്ചപ്പോൾ മെഷീനിൽ 43 വോട്ടുകൾ അധികം കാണിച്ചിരുന്നു. വോട്ടെടുപ്പിനുശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുന്പോഴാണ് വ്യത്യാസം കണ്ടത്. ഇതോടെ മൂന്നു മുന്നണിയിലേയും പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. സ്ഥലത്തെത്തിയ കളക്ടറുടെ നേതൃത്വത്തിൽ വോട്ടിംഗ് മെഷീൻ പരിശോധിച്ച് ഇതു സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആകെ 215 വോട്ടർമാരാണ് കളമശേരി 83-ാം നന്പർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് കാണിച്ചത്. മോക് പോളിലെ വോട്ടുകൾ മാറ്റാതെ വോട്ടെടുപ്പ് ആരംഭിച്ചതാണ് ഈ അധിക വോട്ടുകൾക്കു കാരണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.