തൃശൂർ: ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവച്ചൊഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകർ. സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരടക്കമുള്ള നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കം സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുള്ള നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. സ്വന്തം ഗ്രൂപ്പു താത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് മുരളീധരൻ ശ്രമിക്കുന്നത്.
തന്റെ ചുറ്റുമുള്ളവരെ മാത്രം പരിഗണിച്ച് മറ്റുള്ളവരെ തള്ളുകയാണ് മുരളീധരന്റെ രീതി. കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് കേരളത്തിൽ പ്രചാരം നൽകാൻ മന്ത്രി അടക്കമുള്ളവർക്കു കഴിഞ്ഞില്ല.
പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പു ഫണ്ട് ചെലവഴിക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് എടുക്കുന്നു. വോട്ടുമറിക്കാൻ പണം വാങ്ങിയ സംഭവങ്ങളും ഉണ്ടായി.
വലിയ ക്രമക്കേടുകൾ നടന്നു. താഴെത്തട്ടിൽ പാർട്ടി പ്രവർത്തനങ്ങൾ നടക്കുന്നില്ല.പി.പി. മുകുന്ദനു ശേഷം സംസ്ഥാനത്ത് ജനസ്വാധീനമുള്ള നേതാക്കൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലുള്ള നേതൃത്വത്തി ജനങ്ങൾക്കു വിശ്വാസമില്ല. നിരീക്ഷകരുടെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായി പി.പി. മുകുന്ദൻ ചാനലിനോടു പ്രതികരിച്ചു. മാർഗനിർദേശക സമിതി സംവിധാനം കേരളത്തിലും വേണം.
നേതാക്കൾ എല്ലാവരും മാറണമെന്ന അഭിപ്രായമില്ല. എന്നാൽ പുനക്രമീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു പരാജയമടക്കം അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരത്തേ അവകാശപ്പെട്ടിരുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരനും നിരീക്ഷകരെ തള്ളിപ്പറഞ്ഞിരുന്നു.