തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം റവന്യു മന്ത്രി കെ. രാജനു സമർപ്പിക്കും. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതയാണ് അന്വേഷണം നടത്തിയത്. പി.പി. ദിവ്യ റവന്യൂ വകുപ്പ് അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്കാന് ഇതുവരെയും തയാറായിട്ടില്ല.
നവീന്‍ ബാബുവിനെതിരേ ആരോപണം ഉന്നയിച്ച പി.പി. ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും പോലീസും ഇതുവരെ ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി വ്യാഴാഴ്ചയിലേക്കു മാറ്റിയിരിക്കുകയാണ്.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു പെട്രോൾ പമ്പിന്റെ എൻഒസി വിഷയത്തിൽ കോഴ വാങ്ങിയിട്ടില്ലെന്നാണ് റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കോഴ വാങ്ങിയതിനു തെളിവില്ല. നിയമപരമായ രീതിയിലാണു നടപടിക്രമങ്ങൾ നടത്തിയത്. കാലതാമസം ഉണ്ടായിട്ടില്ലെന്നും റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനും തെളിവില്ല. എഡിഎം പെട്രോള്‍ പമ്പിന് അനുമതി നല്കിയതു നിയമപരമായിട്ടാണെന്നും അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നുവെന്നാണ് വിവരം.ഫയലുകൾ പരിശോധിച്ചും വിവിധ ജീവനക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് നവീൻ ബാബുവിന്റെ ഭാഗത്ത് ഫയൽ തടഞ്ഞുവച്ചതിന് തെളിവില്ലെന്നു വ്യക്തമായത്.
എഡിഎം നവീൻ ബാബുവിന് കണ്ണൂർ ജില്ല കളക്ടറും ക്ലീൻ ചിറ്റാണ് നൽകിയിരിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ചുള്ള തുടരന്വേഷണച്ചുമതലയില്നിന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റിയാണ് അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് റവന്യൂ മന്ത്രി കൈമാറിയത്.കളക്ടര്‍ക്കെതിരേ ആരോപണങ്ങൾ ഉയർന്നതോടെയാണ് അദ്ദേഹത്തെ അന്വേഷണ ചുമതലയില്‍നിന്നു മാറ്റിയത്.