കഴിഞ്ഞദിവസം കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞ ചില വാക്കുകള്‍ ഇപ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയത്തെ കലക്കി മറിച്ചിരിക്കുകയാണ്.
മറ്റു പാര്‍ട്ടികളില്‍നിന്നു ചുമതലയുള്ള പല രാഷ്ട്രീയ പ്രവര്‍ത്തകരും ബിജെപിയിലേക്കു വരും. ആരൊക്കെ വരുമെന്നും എന്താണ് തന്ത്രമെന്നും മാധ്യമങ്ങള്‍ക്കു മുന്പില് വെളിപ്പെടുത്താന്‍ കഴിയില്ല. അവന് വരും, അവന് ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നുവെന്നാണ് ശ്രീധരന് പിള്ള പറഞ്ഞത്.
ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയും കഴിഞ്ഞ മാര്‍ച്ചില്‍ കെ. സുധാകരന്റെ ഒരു ചാനല്‍ അഭിമുഖവും ചേര്‍ത്തു വായിച്ചാണ് ഇപ്പോള്‍ അഭ്യൂഹം പ്രചരിക്കുന്നത്. അന്ന് സുധാകരന് പറഞ്ഞതിങ്ങനെ- ബിജെപിയുമായി യോജിച്ചു പോവാന്‍ സാധിക്കുമെന്ന് എനിക്കു തോന്നിയാല്‍ ഞാന്‍ പോകും. അതില്‍ തര്‍ക്കമെന്താ? അത് ഞാന്‍ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. ഈ വാക്കുകള്‍ അന്ന് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു.
അഭിമുഖം വിവാദമായതോടെ സുധാകരന് അന്ന് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഞാന്‍ ചോദിക്കട്ടെ, എനിക്കു ബിജെപിയില്‍ പോണമെങ്കില്‍ പി.ജയരാജന്റെയോ ഇ.പി.ജയരാജന്റെയോ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ടല്ലോ. ഐ കാന്‍ ഡിസൈഡ്. എന്റെ പൊളിറ്റിക്കല്‍ ഫെയ്റ്റ് ഐ കാന്‍ ഡിസൈഡ്.
ആരു ചോദിക്കാന്‍ പോകുന്നു, ആര് അന്വേഷിക്കാന്‍ പോകുന്നു? ആര്‍ക്കാ എതിര്‍ക്കാന്‍ പറ്റുക? ബിജെപിയുമായി യോജിച്ചു പോകാന്‍ സാധിക്കുമെന്ന് എനിക്കു തോന്നിയാല്‍ ഐ വില്‍ ഗോ വിത് ബിജെപി. അതില്‍ തര്‍ക്കമെന്താ? അത് ഞാന്‍ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്റെ വിഷനാണ്. എന്റെ കാഴ്ചപ്പാടാണ്- അദേഹം വ്യക്തമാക്കി.
അതേസമയം അടുത്ത കെപിസിസി പ്രസിഡന്റായി അവരോധിച്ചില്ലെങ്കില്‍ സുധാകരന് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന പ്രചരണം പാര്‍ട്ടിക്കകത്ത് തന്നെ ഒരുവിഭാഗം നടത്തുന്നുണ്ട്. സുധാകരന് സ്ഥാനമാനങ്ങള്‍ക്കു വേണ്ടി നില്ക്കുന്ന നേതാവാണെന്ന് വരുത്തിതീര്‍ക്കാനാണ് ഇതെന്നാണ് സുധാകരപക്ഷം വാദിക്കുന്നത്. എന്തായാലും ചില കോണ്‍ഗ്രസ് നേതാക്കളെ ബിജെപി നോട്ടമിട്ടിട്ടുണ്ടെന്ന വാര്‍ത്ത സത്യമാണ്.